ക്രിമിനൽ ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന പിണറായിയുടെ ഉത്തരവിന് പുല്ലുവില..

ജോളി ജോളി

സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സദാചാര ഗുണ്ടാവിളയാട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.

വാലന്റൈന്‍സ് ദിനത്തില്‍ കരുനാഗപ്പള്ളി അഴീക്കല്‍ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ വ്യക്തമായ നിയമവ്യവസ്ഥകള്‍ പ്രകാരം കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

യുവതീയുവാക്കളെ സദാചാരഗുണ്ടകള്‍ ആക്രമിക്കുന്നതും അക്രമത്തിനിരയായവര്‍ യാചിക്കുന്നതുമായിരുന്നു് ദൃശ്യങ്ങളിലുള്ളത്. അക്രമികള്‍ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്.

ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല.

ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്.

ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളിനേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ ക്യാമ്ബസുകളിലോ പാര്‍ക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ദൃശ്യങ്ങള്‍ പകര്‍ത്തി അത് സദാചാരവിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം.

ഇത്തരം ക്രിമിനല്‍ ചട്ടമ്ബിത്തരങ്ങള്‍ കേരളത്തില്‍ അനുവദിക്കുകയില്ല.

ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മെയില്‍ കൂത്തുപറമ്ബ് രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് ഇരുന്ന് ഒരു യുവാവും യുവതിയും സംസാരിച്ചതിനെയും സദാചാര ഗൂണ്ടകള്‍ ചോദ്യം ചെയ്തു.

യുവതീ യുവാക്കള്‍ പകല്‍ സമയത്ത് രക്തസാക്ഷി മണ്ഡപത്തിലോ, എവിടെ നിന്നായാലും ഒരിടത്തിരുന്ന് സംസാരിച്ചു എന്നുള്ളതുകൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

2017 ജനുവരിയില്‍, കൊടുങ്ങല്ലൂര്‍ അഴീക്കോട് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടായി.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച്‌ യുവാവിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു.

നഗ്നനാക്കി ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മണിക്കൂറുകള്‍ നീണ്ട സദാചാര വിചാരണ.

ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

അഴീക്കോട് മേനോന്‍ ബസാറിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച്‌ പിടികൂടിയ മേനോന്‍ ബസാര്‍ പള്ളിപ്പറമ്ബില്‍ സലാമി (47) നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവില്‍ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.