ചിരിക്ക് ആരും ഇതുവരെ ജിഎസ്ടി ചുമത്തിയിട്ടില്ലല്ലോ, ചിരി ഇനിയും തുടരും: രേണുക

പനജി: ‘ചിരിക്ക് ആരും ഇതുവരെ ജിഎസ്ടി ചുമത്തിയിട്ടില്ലല്ലോ! അതിനാല്‍ത്തന്നെ ചിരി ഇനിയും തുടരും. മാത്രമല്ല, എവിടെയെങ്കിലും ചിരിക്കണമെങ്കില്‍ അതിന് എനിക്ക് ആരുടെയും അനുവാദവും ആവശ്യമില്ല’ കോണ്‍ഗ്രസ് എംപി രേണുക ചൗധരിയുടേതാണു വാക്കുകള്‍. ലക്ഷ്യമിട്ടതാകട്ടെ രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചിരിയെ പരിഹസിച്ചു നടത്തിയ പരാമര്‍ശങ്ങളും.

‘രാമായണം’ സീരിയലിനു ശേഷം ഇതുപോലൊരു ചിരി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു രാജ്യസഭയില്‍ പ്രസംഗത്തിനിടെ മോദി പറഞ്ഞത്. രേണുകയോടു ചിരി നിര്‍ത്താന്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെടുമ്പോഴായിരുന്നു മോദിയുടെ ഇടപെടല്‍. വനിതകളോടുള്ള മോദിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും രേണുക വിമര്‍ശിച്ചു.

രാജ്യമെമ്പാടുമുള്ള വനിതകളില്‍ നിന്ന് ‘ചിരി’ വിഷയത്തില്‍ തനിക്ക് ഉറച്ച പിന്തുണയാണു ലഭിച്ചത്. ട്വിറ്ററില്‍ തന്നെ പിന്തുണച്ച് ഹാഷ്ടാഗുകളുണ്ടായി. അഞ്ചു തവണ എംപിയായ വ്യക്തിയാണു താനെന്നും ഒരു ‘നെഗറ്റീവ്’ കഥാപാത്രവുമായി ചേര്‍ത്ത് പ്രധാനമന്ത്രി തന്നെ താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും രേണുക പറഞ്ഞു. ഇന്നത്തെ സ്ത്രീകള്‍ എത്രത്തോളം മാറിപ്പോയെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഒട്ടും ധാരണയില്ലെന്നും രേണുക കുറ്റപ്പെടുത്തി.

എപ്പോഴും വളരെപ്പെട്ടെന്നാണ് ഞാന്‍ ചിരിക്കുക. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ അല്‍പം ശ്രദ്ധാലുവാണ്. കേന്ദ്രത്തെ തന്റെ ചിരി കൊണ്ട് വെല്ലുവിളിക്കുകയാണു ചെയ്തത്. പാര്‍ലമെന്റ് നിയമങ്ങളുണ്ടാക്കുന്നുണ്ട്, പക്ഷേ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതെന്നും രേണുക പറഞ്ഞു.