ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ക്ക് മോഡി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി

റായ്ച്ചൂര്‍: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന ജനാശിര്‍വാദ് യാത്രയിലാണ് രാഹുലിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി അഴിമതിയെക്കുറിച്ചാണു സംസാരിക്കുന്നതെങ്കില്‍ അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് കുറച്ചെങ്കിലും പറയൂ. 50,000 രൂപയുമായി തുടങ്ങി മൂന്നു മാസം കൊണ്ട് 80 കോടി ജയ് ഷാ എങ്ങനെയുണ്ടാക്കിയെന്നു പറയൂ. ഇതാണു പ്രധാനമന്ത്രി രാജ്യത്തോടു പറയേണ്ടത്, രാഹുല്‍ വിമര്‍ശിച്ചു.

കര്‍ണാടകയിലെ ബിജെപി നേതാക്കളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കണം. ജയിലില്‍ കിടന്ന ബി.എസ്. യെദിയൂരപ്പ ഇവിടെയുണ്ട്. ഇതിനു പുറമെ ബിജെപിയുടെ നാലു മുന്‍ മന്ത്രിമാരും അഴിമതിക്കേസില്‍ ജയിലിലെത്തി. രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലും പ്രധാനമന്ത്രി ദയനീയമായി പരാജയപ്പെട്ടു. 24 മണിക്കൂറില്‍ അരലക്ഷം യുവാക്കള്‍ക്ക് എന്ന കണക്കില്‍ തൊഴില്‍ നല്‍കാന്‍ ചൈനയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചൈനയോടു മല്‍സരിക്കുന്ന ഇന്ത്യയുടെ ഭരണാധികാരി അവിടെയും പരാജയപ്പെട്ടു.

കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ പോലും പ്രധാനമന്ത്രി തയാറല്ല. ഇക്കാര്യം പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതാണ്. കര്‍ണാടകയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.