ഇനി പാക്കിസ്ഥാനു കനത്ത മറുപടിയെന്ന് നിർമ്മല സീതാരാമന്‍

ശ്രീനഗര്‍: സുന്‍ജ്വാനില്‍ ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് ‘അതിര്‍ത്തിക്കപ്പുറത്തു നിന്ന്’ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന തെളിവ് അവര്‍ക്ക് കൊടുത്തു കൊണ്ടേയിരിക്കുകയാണ്. പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്നു. ഇനി ഇത്തരം അസംബന്ധ പ്രവൃത്തികള്‍ക്ക് പാക്കിസ്ഥാന്‍ മറുപടി പറയേണ്ടി വരുമെന്നും നിര്‍മല പറഞ്ഞു. സുന്‍ജ്വാന്‍ ആക്രമണത്തെപ്പറ്റി മാധ്യമപ്രവര്‍ത്തരോടു വിവരിക്കുകയായിരുന്നു മന്ത്രി. സുന്‍ജ്വാന്‍ ആക്രമണത്തിന് മറുപടി നല്‍കുന്നത് അതിര്‍ത്തി കടന്നുവേണ്ടെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി.

ഭീകരാക്രമണത്തിന്മേല്‍ ദേശീയ അന്വേഷണ ഏജന്‍സി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം പാക്കിസ്ഥാനു കൈമാറും. തെളിവു സംബന്ധിച്ച് കെട്ടുകണക്കിനു ഫയലുകള്‍ കൈമാറിയിട്ടും പാക്കിസ്ഥാന്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. മറിച്ച് കശ്മീരിലെ കൂടുതല്‍ മേഖലകളിലേക്ക് ഭീകരത വ്യാപിപ്പിക്കുകയാണ്. നുഴഞ്ഞു കയറ്റത്തിനു ഭീകരരെ സഹായിക്കാന്‍ വേണ്ടിയാണ് പാക്ക് പട്ടാളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പാക്കിസ്ഥാനില്‍ കഴിയുന്ന ഭീകരന്‍ അസ്ഹര്‍ മസൂദിന്റെ കീഴിലുള്ള ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ അംഗങ്ങളാണ് സുന്‍ജ്വാനിലെത്തിയത്. അവര്‍ക്കു പാക്കിസ്ഥാനില്‍ നിന്നു പിന്തുണയും ലഭിച്ചിട്ടുണ്ട്. സുന്‍ജ്വാനില്‍ മൂന്നു ഭീകരരാണു കൊല്ലപ്പെട്ടത്. നാലു പേര്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നാലാമന്‍ ക്യാംപിനകത്തേക്കു കടന്നില്ല, വഴികാട്ടിയായാണു പ്രവര്‍ത്തിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ക്യാംപിലെ സൈനിക നീക്കം അവസാനിപ്പിച്ചത്.

സംഘമായി ആക്രമണം നടത്താനായിരുന്നു ഭീകരരുടെ തീരുമാനം. എന്നാല്‍ സൈന്യത്തിന്റെ ഇടപെടലില്‍ ഭീകരര്‍ ചിതറിപ്പോകുകയായിരുന്നെന്നും നിര്‍മല ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും നിര്‍മല കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തില്‍ പരുക്കേറ്റവരെയും നിര്‍മല സന്ദര്‍ശിച്ചു. ജമ്മുവിലെ സൈനിക ആശുപത്രിയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം, സുന്‍ജ്വാനില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ വിമര്‍ശിക്കുന്നത് യാതൊരു തെളിവുമില്ലാതെയാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. കൃത്യമായ അന്വേഷണങ്ങള്‍ നടത്താതെ വിമര്‍ശനങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ശീലമായിരിക്കുകയാണ്. ആദ്യം ശരിയായ അന്വേഷണമാണു വേണ്ടതെന്നും പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കശ്മീരില്‍ നടക്കുന്ന സായുധ പോരാട്ടത്തിനെതിരായ ക്രൂരതകള്‍ മറയ്ക്കുന്നതിനാണ് ഇന്ത്യയുടെ ശ്രമം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ ഇടപെടലുകളുണ്ടാകുമെന്നാണൂ പ്രതീക്ഷയെന്നും പാക്കിസ്ഥാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരിലും അതിര്‍ത്തിയിലും നടക്കുന്ന നുഴഞ്ഞുകയറ്റങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നു. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കുന്നെന്ന ഇന്ത്യന്‍ വാദം തള്ളിയ പാക്ക് മന്ത്രാലയം, കശ്മീരിലെ ജനങ്ങള്‍ക്ക് ധാര്‍മിക പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും അവകാശപ്പെട്ടു. തിങ്കളാഴ്ച രാവിലെ ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാംപിന് നേരെയും ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു.