നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ മാത്രമേ ദിലീപിന് അവകാശമുള്ളൂ, അല്ലാതെ നടി കേസ് അട്ടിമറിച്ചതാണോ നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോ എന്നൊക്കെ തെളിയിക്കേണ്ടത് പൊലീസാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഇത്തരം പ്രസ്താവനകളിലൂടെ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി നടക്കാന്‍ പോകുന്നത് എന്താണെന്നാണ് മനസിലാക്കേണ്ടത്. മുന്‍വിധിയോടെ സംസാരിക്കാതിരിക്കാം. ഒരു ആത്മവിശ്വാസമാണ് അത്. നീതി കിട്ടുമെന്ന് വിശ്വസിക്കാം. ആ വിശ്വാസമുള്ളത് കൊണ്ടാണല്ലോ സൂര്യനെല്ലി പെണ്‍കുട്ടി ഇപ്പോഴും നിയമപോരാട്ടം നടത്തുന്നത്. ഈ കേസ് ഒന്നുമായിട്ടില്ല. ഫെബ്രുവരി ഒന്നിന് ഒരു വര്‍ഷമാകുന്നതേയുള്ളൂ. കുറ്റക്കാര്‍ ആരാണെന്ന് കണ്ടുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുക വരെയേ ആയിട്ടുള്ളൂ. എന്തായാലും കേസ് നടക്കട്ടെ, വിധി വരട്ടെ അപ്പോള്‍ കൃത്യമായ അഭിപ്രായം പറയാമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

എല്ലാ തൊഴില്‍ മേഖലകളിലും ചൂഷണമുണ്ട്. സ്ത്രീകളുടെ ബുദ്ധിയില്ലായ്മ കൊണ്ട് ആ ചൂഷണത്തില്‍പ്പെട്ടു പോകുന്നു. ലോക സിനിമയിലെ തന്നെ അവസ്ഥ ഇതാണ്. ഇത്രയും പ്രശസ്തയായ ഒരു നടി ആക്രമിക്കപ്പെട്ട വിവരം അവര്‍ തുറന്ന് പറയാന്‍ തയ്യാറായപ്പോള്‍ മറ്റുള്ളവരും ചിന്തിച്ച് തുടങ്ങി. എന്തുകൊണ്ട് നമുക്കും പറഞ്ഞു കൂടാ. അതിന് വലിയ മാധ്യമ പിന്തുണയുണ്ടായിരുന്നു. മാധ്യമങ്ങളും പൊതുസമൂഹവും ബാധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അവര്‍ക്കുണ്ടാകുന്ന ധൈര്യം ചെറുതല്ല.

സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണെങ്കില്‍ പോലും മാധ്യമ പിന്തുണ, സര്‍ക്കാര്‍ കേസ് കൊണ്ടു പോയ രീതി, ശക്തമായി അന്വേഷിക്കണം. അത് പലര്‍ക്കും ധൈര്യം നല്‍കുന്നതായി. ഇക്കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടി ഒരു മാതൃകയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.