ഇത് തിരുത്തലുകള്‍ക്കുള്ള സമയം: ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

മാരാമണ്‍: നഷ്ടമായ മാനവികതയുടെ പുനരാവിഷ്കരണത്തിനുള്ള ആഹ്വാനത്തോടെ 123ാമത് മാരാമണ്‍ കണ്‍വന്‍ഷനു തുടക്കമായി. ഇനിയുള്ള ഒരാഴ്ച പന്പയുടെ തീരം വചനപ്രഘോഷണത്തിലും സ്തുതിഗീതങ്ങളിലും പുളകിതമാകും.

’’ദൈവസൃഷ്ടിയായ പ്രകൃതിയെ മനുഷ്യന്‍ വികലമാക്കി, മനുഷ്യബന്ധങ്ങളും തകര്‍ന്നിരിക്കുന്നു. ഭാര്യയെയും മകളെയും തിരിച്ചറിയാനാകാത്ത തരത്തിലേക്കു മനുഷ്യന്‍ അധഃപതിച്ചു. നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനവികതയുടെ തിരിച്ചുവരവില്‍ വിശ്വാസസമൂഹത്തിനു വലിയൊരു ദൗത്യമുണ്ട്. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

മനുഷ്യത്വം വികലമാക്കപ്പെടുന്ന കാലഘട്ടത്തില്‍ വ്യക്തിബന്ധങ്ങള്‍ ശിഥിലമാകുന്നു. തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ജന്മം തന്ന മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ മറക്കുന്നു. തിരുത്തലുകള്‍ക്കുള്ള സമയമാണിത്. തെറ്റുകള്‍ ഏറ്റുപറഞ്ഞു കുരിശിലെ സ്‌നേഹത്തെ മാതൃകയാക്കി മാനവികതയുടെ തിരിച്ചുവരവിനുവേണ്ടി വിശ്വാസ മൂഹം ഉണരണം.

മഹത്തായ അനുഭവങ്ങളാണ് കുരിശിലൂടെ വെളിപ്പെടുന്നത്. തെറ്റുകള്‍ക്ക് മാപ്പിരന്നു പറുദീസയുടെ വലിയ ഒരു അനുഭവത്തിലേക്കുള്ള മടങ്ങിവരവാണ് മാനവികതയുടെ തിരിച്ചുവരവെന്നും മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്‍റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ് പീറ്റര്‍ ഡേവിഡ് ഈറ്റണ്‍ (ഫ്‌ളോറിഡ) മുഖ്യസന്ദേശം നല്‍കി. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് പ്രാരംഭ പ്രസ്താവന നടത്തി.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ തീത്തോസ്, കെസിസി പ്രസിഡന്‍റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി മാത്യു ടി.തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ആന്‍റോ ആന്‍റണി, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രാജു ഏബ്രഹാം, അടൂര്‍ പ്രകാശ്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ