ഷുഹൈബ് വധക്കേസില്‍ പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ ഇനി കേരള പൊലീസ് ഒന്നും ചെയ്യേണ്ട. നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ട്. പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ട് ആയുധം കണ്ടെടുക്കുന്നില്ല എന്നും കോടതി ആരാഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം.

അതേസമയം ഷുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. കോടതി പറയുകയാണെങ്കിൽ അന്വേഷണം നടത്താൻ എതിർപ്പില്ലെന്നും  സിബിഐയുടെ അഭിഭാഷകൻ പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.

അതിനിടെ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. സിബിഐ അന്വേഷണം സിംഗിൾ ബെഞ്ചിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് സർക്കാർ വാദിച്ചു. ഷുഹൈബ് വധത്തിന് കാരണം വ്യക്തി വിരോധമാണ്. കേസിൽ പ്രതികളായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയിൽ കലാശിച്ചതെന്നും സർക്കാർ വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നത്. പ്രതികളിൽ ചിലരെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടനെ തന്നെ അറസ്റ്റു ചെയ്യുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ,​ ഷുഹൈബിനെ വാടകക്കൊലയാളികൾ വകവരുത്തുകയായിരുന്നെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ആദ്യം മുതൽ തന്നെ ശ്രമം നടക്കുകയാണ്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.