35 C
Kochi
Thursday, May 9, 2024
ഷുഹൈബ് വധക്കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍

ഷുഹൈബ് വധക്കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതി പറയുകയാണെങ്കില്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.

അതിനിടെ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധത്തിന് കാരണം വ്യക്തി വിരോധമാണ്. കേസില്‍ പ്രതികളായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് പൊലീസ് നടത്തുന്നത്. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടനെ തന്നെ അറസ്റ്റു ചെയ്യുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍,? ഷുഹൈബിനെ വാടകക്കൊലയാളികള്‍ വകവരുത്തുകയായിരുന്നെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ തന്നെ ശ്രമം നടക്കുകയാണ്. അതിനാല്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.