നിയമപ്രകാരമുള്ള ആധാരം കൈയിലില്ലാതെ ഹാരിസണ്‍സിന് ബാങ്കുകള്‍ വായ്പ നല്‍കിയതു കോടികള്‍

ജോളി ജോളി

നിയമപ്രകാരമുള്ള ആധാരം കൈയിലില്ലാതെ ഹാരിസണ്‍സിന് ബാങ്കുകള്‍ വായ്പ നല്‍കിയതു കോടികള്‍. എസ്.ബി.ഐ അടക്കം നാലു പ്രമുഖ ബാങ്കുകളാണു വാരിക്കോരി വായ്പ നല്‍കിയത്. 110 കോടിയിലേറെ രൂപയുടെ വായ്പയാണു പ്രമുഖ ബാങ്കുകള്‍ ഹാരിസണ്‍സിന് നല്‍കിയത്.

എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, എച്ച്‌.ഡി.എഫ്.സി. എന്നീ ബാങ്കുകളുടെ കൊച്ചിയിലെ ശാഖകളാണ് കോടികള്‍ വായ്പയായി അനുവദിച്ചത്.ഹാരിസണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ അവര്‍ തന്നെ വ്യക്തമാക്കുന്നു.കേരളത്തില്‍ സ്വന്തം പേരില്‍ ഭൂമിയില്ലെന്നാണ് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നിട്ടാണ് ഹാരിസണ്‍സിന്റേതെന്ന നിലയില്‍ ഭൂമി ഈടായി സ്വീകരിച്ച്‌ ബാങ്കുകള്‍ വായ്പ അനുവദിച്ചത്.ഏത് ബാങ്കില്‍നിന്ന് എത്ര രൂപ വായ്പയെടുത്തന്നതു സംബന്ധിച്ച തരംതിരിച്ചുള്ള വിവരം വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടില്ല.ഹാരിസണ്‍സിന്റെ ആധാരങ്ങള്‍ മുഴുവന്‍ വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് 2012ലാണ് പുറത്തുവന്നത്.
എന്നിട്ടും അതേ ആധാരങ്ങള്‍ ഈടായി സ്വീകരിച്ച്‌ ബാങ്കുകള്‍ കോടികളുടെ വായ്പ അനുവദിച്ചു.

പത്തനംതിട്ടയിലെ ചെങ്ങറ സമരഭൂമി ഉള്‍പ്പെടുന്ന കുബഴ എസ്റ്റേറ്റ് പണയപ്പെടുത്തിയവയില്‍ പെടുന്നു.തര്‍ക്കഭൂമിയായിട്ടും അതിന്റെ ഈടില്‍ 2011ല്‍ 60 കോടി രൂപയാണ് വായ്പ അനുവദിച്ചത്.2014ല്‍ ഈ വായ്പ പുതുക്കി 40 കോടി രൂപ വീണ്ടും വായ്പയെടുത്തു.
വയനാട്ടിലെ മേയ് ഫീല്‍ഡ് എസ്റ്റേറ്റ് പണയപ്പെടുത്തി 2012-13ല്‍ 11.73 കോടി രൂപ വായ്പയെടുത്തു.അതില്‍ 7.70 കോടി രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്.

ആധാരങ്ങള്‍ തട്ടിപ്പാണെന്നും വായ്പകള്‍ അനുവദിക്കരുതെന്നും കാണിച്ച്‌ റവന്യൂ സ്പെഷല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം ബാങ്കുകള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു.അതൊന്നും വകവക്കാതെയാണ് ബാങ്കുകള്‍ വായ്പ അനുവദിച്ചത്.ഒറിജിനല്‍ ആധാരം പോലുമില്ലാതെ കരമടച്ച രസീതുകള്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ മാത്രം ബലത്തിലാണ് ബാങ്കുകള്‍ ഇത്രയും ഭീമമായ തുകകള്‍ വായ്പ നല്‍കിയത്.

തങ്ങളുടെ കൈവശ ഭൂമി മുഴുവന്‍ മലയാളം പ്ലാന്‍േഷന്‍സ് (ഹോള്‍ഡിങ്) എന്ന ലണ്ടന്‍ കമ്ബനിയുടെ വകയാണെന്നാണ് ഹാരിസണ്‍സ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.അതായത് മൂന്നാർ ഉൾപ്പെടെയുള്ള എഴുപത്തയ്യായിരം ഏക്കർ ഭൂമി കേരള സർക്കാരിന്റെയല്ല എന്ന്.
സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി പണയമായി സ്വീകരിച്ച്‌ ഹാരിസണ്‍സിന് വായ്പ അനുവദിച്ചത് എങ്ങനെയെന്നതില്‍ ദുരൂഹതയുണ്ട്.

ബാങ്ക് വായ്പാത്തട്ടിപ്പു സംബന്ധിച്ചു സംസ്ഥാന റവന്യൂവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബാങ്കുകള്‍ക്ക് കത്തയച്ചെങ്കിലും ബാങ്ക് അധികൃതര്‍ അന്വേഷണം നടത്തിയില്ല.കേന്ദ്ര ധനകാര്യ മന്ത്രാലയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവ ഹാരിസണ്‍സിനെതിരേ 2015ല്‍ അന്വേഷണം തുടങ്ങിയിരുന്നു.ഇതുസംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാറിനും നല്‍കിയിരുന്നു.പിന്നീട് തുടര്‍ നടപടികള്‍ പൊടുന്നനെ നിലച്ചു.
ഹാരിസണ്‍സ് ഉടമകളായ ഗോയങ്ക ഗ്രൂപ്പ് ബി.ജെ.പി. പക്ഷത്തേക്കു ചുവടുമാറ്റിയതോടെയാണ് അന്വേഷണം നിലച്ചതെന്ന് ആരോപണമുണ്ട്.