റിമാന്‍ഡിലിരിക്കെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല

തിരുവനന്തപുരം: റിമാന്‍ഡിലിരിക്കെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും വി.എസ്.ഡി.പി. പ്രവര്‍ത്തകരും മൃതദേഹവുമായി നടുറോഡില്‍ പ്രതിഷേധിച്ചു. പേവിഷബാധയേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചത്.

രണ്ടാഴ്ച മുമ്പ് സ്ത്രീയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാരാണ് സജിമോന്‍ (34) എന്ന യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയിലിരുന്ന സജിമോന് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്ന്ു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ച് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സജിമോന്‍ മരിച്ചത്.

പൊന്‍വിള എന്ന സ്ഥലത്തുവച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തന്നെ സജിമോനെ മര്‍ദ്ദിച്ചിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ പേവിഷബാധയാണ് മരണകാരണമെന്നും അതുകൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സജിമോന്റെ ബന്ധുക്കളും വി.എസ്.ഡി.പി. പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹവുമായി നടുറോഡില്‍ പ്രതിഷേധിച്ചത്. സജിമോന്‍ ഇതുവരെയും ഒരു കേസിലും പ്രതിയായിട്ടില്ല എന്നും ബന്ധുക്കള്‍ പറയുന്നു. ആര്‍.ഡി.ഓ. ഇന്‍ ചാര്‍ജ് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി.

സജിമോന്റെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കുമെന്നും പോലീസിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും കുറ്റക്കാരെന്നും കാണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.