കുട്ടികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ആഘോഷിച്ച് ആരാധകര്‍

ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കും അബ്രഹാമിന്റെ സന്തതികള്‍. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായ ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് കഥ ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ നഗരത്തിലെ ഒരു സ്‌കൂളിലാണ് നടക്കുന്നത്. ഈ സ്‌കൂളിലെ കുട്ടികളോടൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി തന്നെയാണ് കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

ചിത്രത്തിന് താഴെയുള്ള കമന്റുകളും അതാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കൊപ്പമിരിക്കുന്ന മമ്മൂട്ടിയെയും ഒരു കൊച്ചു കുട്ടി ആയും ചുള്ളനായുമൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. യൂണിഫോം ഇടാത്തത് നന്നായി, ഇല്ലെങ്കില്‍ ആളിനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേനേ എന്നും എല്‍കെജിക്കാര്‍ക്കൊപ്പമിരിക്കുന്ന ഡിഗ്രിക്കാരനെന്നുമൊക്കെയാണ് ചിത്രത്തിന് ആരാധകരുടെ കമന്റുകള്‍. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ദുല്‍ഖറിന്റെ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.