ആട്ടിന്‍കുട്ടികള്‍ (കവിത)

റോജന്‍

കുന്നിന്‍ചെരുവില്‍
മൂവന്തിയുടെ സ്വര്‍ണ്ണഛായയില്‍
ഒരു പെണ്‍കുട്ടി
ആട്ടിന്‍കുട്ടികളുമായി കളിക്കുന്നു.
അവളുടെ അപ്പന്‍ എന്നും
കുടിച്ച് വന്ന്
അരിവാളു പോലെയുളള
ഓളുടെ അമ്മയെ തല്ലും.
അരിശം പോരാഞ്ഞ്
അടുപ്പില്‍ തിളക്കുന്ന
അരിക്കലമെടുത്ത് കിണറ്റിലിടും.

ആടിന് കാടിവെളളത്തിനായി
ഓളെന്‍റെ വീട്ടില്‍
ഒരു കുടം വെച്ചിട്ടുണ്ട്.
” കുത്തരീടെ കഞ്ഞിവെളളമാണല്ലോ…
നല്ല രസണ്ടാവും..”
ഒരീസം ഒാള് കുടത്തില്‍
നോക്കി വെളളമിറക്കി.
അന്നു മുതല്‍ കുടത്തില്‍
ഞാനിച്ചിരി വറ്റും
വാരിയിടാന്‍ തുടങ്ങി.

എത്ര തല്ല് കിട്ടിയാലും
ഒാളുടെ അമ്മ കരയാറില്ല.
പുലര്‍ച്ചെ പളളീല്‍ പോക്ക്
മുടക്കാറുമില്ല.
അരിക്കലം കിണറ്റിലിട്ടാലും
അരനാഴി അരി പോലും
കടം വാങ്ങില്ല.

കീറിയ പാവാടയിട്ട്
സന്ധ്യയില്‍ കുളിച്ച്
ഒരു പെണ്‍കുട്ടി
ആട്ടിന്‍കുട്ടികളുമായി
കളിക്കുന്നു.
അവളെ കണ്ട് ആട്ടിന്‍കുട്ടികള്‍
തുളളിചാടുന്നു.