നോട്ട് പിന്‍വലിക്കല്‍: മദ്യവില്‍പ്പന 30 ശതമാനം കുറവ്

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി.
മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.
മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്.
ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്സ് മദ്യമുണ്ടാകും. ഒരു ദിവസത്തെ മദ്യവില്‍പനയില്‍ നിന്ന് 2,425 കോടി രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ 89 കോടി രൂപയായി ചുരുങ്ങി. ഒക്ടോബര്‍ മാസത്തില്‍ 1036.59 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കെ.എസ്.ബി.സി ഔട്ട്ലറ്റ് വഴി 854.57 കോടി രൂപയുടെയും, വെയര്‍ഹൗസ്, ബാറുകള്‍, ബിയര്‍വൈന്‍പാര്‍ലറുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ എന്നിവയിലൂടെ 382.02 കോടി രൂപയുടെ കച്ചവടവുമാണ് നടന്നത്.
എന്നാല്‍ നവംബര്‍ എട്ട് മുതല്‍ 29 വരെയുള്ള കണക്കുകളെടുക്കുമ്പോള്‍ ഇവയില്‍ വന്‍കുറവ് സംഭവിച്ചിട്ടുള്ളതായാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ദിവസം 10 ലോഡ് വരെ എടുക്കുന്ന ട്രാന്‍സ്പോട്ടിങ് കമ്പനികള്‍ രണ്ട് ലോഡുകള്‍ മാത്രമാണ് പലപ്പോഴും എടുത്തത്. ലോഡുമായി വരുന്ന ഡ്രൈവര്‍മാര്‍ ഒരു ലോഡിന് 3600 രൂപ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച്, അതിന്റെ രസീതുമായി വന്നാല്‍ മാത്രമേ ലോഡിറക്കാനുള്ള അനുമതി നല്‍കുകയുള്ളൂ.
ഒരു ദിവസം രണ്ടായിരം രൂപ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ക്ഷേമനിധിയിലേക്ക് നിക്ഷേപിക്കാന്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ക്ക് കഴിയുന്നില്ല.
വിദേശ മദ്യവില്‍പന ശാലകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതും കച്ചവടം കുറയാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് 10-15 ശതമാനത്തോളം വില്‍പനയില്‍ വര്‍ധനയുണ്ടായതായും അധികൃതര്‍ പറയുന്നു.