കരിപ്പൂര്‍-റിയാദ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാളെമുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും

ഒന്നരവര്‍ഷം മുന്‍പ് റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ നിര്‍ത്തലാക്കിയ കരിപ്പൂര്‍-റിയാദ് റൂട്ടില്‍ നാളെമുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നു തുടങ്ങും. ആഴ്ചയില്‍ നാലു സര്‍വീസുകളുമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.10നു പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ 186 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാവും. ഈ വിമാനം റിയാദില്‍ നിന്നു യാത്രക്കാരുമായി രാത്രി 8.30നു കരിപ്പൂരിലെത്തും.
വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും റിയാദിലേക്കു നേരിട്ടു സര്‍വിസുണ്ടാവുക. ബോയിങ് 737-800 ടൈപ്പ് വിമാനമാണു സര്‍വിസിനായി എയര്‍ഇന്ത്യ എക്സ്പ്രസ് എത്തിക്കുന്നത്. ചെറിയ വിമാനമായതിനാല്‍ ലഗേജിനും നിയന്ത്രണമുണ്ട്.
കരിപ്പൂരില്‍ നിന്നു പുറപ്പെടുന്ന യാത്രക്കാരന് ഏഴു കിലോ ഹാന്റ് ബാഗേജും 20 കിലോ ലഗേജുമാണ് അനുവദിക്കുക. എന്നാല്‍ റിയാദില്‍ നിന്നു കരിപ്പൂരിലേക്കു മടങ്ങുന്ന യാത്രക്കാരന് ഏഴു കിലോ ഹാന്റ് ബാഗേജും 30 കിലോ ലഗേജും അനുവദിക്കും. എയര്‍ കാര്‍ഗോ കയറ്റുമതിക്കും നിയന്ത്രണമുണ്ട്. യാത്രക്കാര്‍ കുറവുള്ള സമയത്തായിരിക്കും എയര്‍ കാര്‍ഗോ കൂടുതല്‍ കൊണ്ടുപോവുക.
വെള്ളിയാഴ്ചത്തെ കന്നി സര്‍വിസിലെ യാത്രക്കാര്‍ക്കു മധുരം നല്‍കിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുക.
കരിപ്പൂരില്‍ നിന്നു റിയാദിലേക്ക് എയര്‍ഇന്ത്യയുടേയും സഊദി എയര്‍ലൈന്‍സിന്റെയും വലിയ ജെമ്പോ വിമാനങ്ങള്‍ ഒന്നര വര്‍ഷം മുമ്പു സര്‍വിസ് നിര്‍ത്തിയിരുന്നു. റണ്‍വെ റീ-കാര്‍പ്പറ്റിങ് ആരംഭിച്ചതോടെയാണ് 2016 ഏപ്രില്‍ 30ന് സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. ഇതോടെ ഹജ്ജ് സര്‍വ്വീസുകളടക്കം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരിക്കുകയാണ്.