ഫോമ മലയാളി മന്നന്‍ മത്സരം: ഷോളി കുമ്പിളുവേലി ചെയര്‍മാനും, ജോണിക്കുട്ടി പിള്ളവീട്ടില്‍ കണ്‍വീനറുമായി കമ്മിറ്റി

ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫോമ ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളില്‍ മാറ്റുരയ്ക്കുന്നതിനായി ഫോമ “മലയാളി മന്നന്‍’മത്സരം സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രായഭേദമെന്യേ ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ കലാ- വിനോദ പരിപാടികള്‍ സംഘാടകര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ക്കായി “വനിതാരത്‌നം’, ‘മെഗാ തിരുവാതിര’, കൂടാതെ “ബെസ്റ്റ് കപ്പിള്‍’ മത്സരവും കണ്‍വന്‍ഷനില്‍ ഉണ്ടാകും.

‘മലയാളി മന്നന്‍’ മത്സര നടത്തിപ്പിനായി ഷോളി കുമ്പിളുവേലി (ന്യൂയോര്‍ക്ക്) ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. ജോണിക്കുട്ടി പിള്ളവീട്ടില്‍ (ചിക്കാഗോ) ആണു കോര്‍ഡിനേറ്റര്‍. സിജില്‍ പാലയ്ക്കലോടി (കാലിഫോര്‍ണിയ) കോ- ചെയര്‍മാന്‍, ഹരികുമാര്‍ രാജന്‍ (ന്യൂജേഴ്‌സി), നോയല്‍ മാത്യു (മയാമി), സോണി തോമസ് (ഓര്‍ലാന്റോ) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി മികച്ച സംഘാടകനും, പ്രാസംഗീകനുമാണ്. കൂടാതെ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമാണ്. കോര്‍ഡിനേറ്റര്‍ ജോണിക്കുട്ടി പിള്ളവീട്ടില്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗവും ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്. കോ- ചെയര്‍ സിജില്‍ പാലയ്ക്കലോടി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റാണ്. കൂടാതെ സാക്രമെന്റോ റീജണല്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാനുമാണ്. കമ്മിറ്റി അംഗമായ ഹരികുമാര്‍ രാജന്‍ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ്, മയൂര സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. നോയല്‍ മാത്യു കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ സെക്രട്ടറിയും, മയാമി ബീറ്റ്‌സ് ഓക്കസ്ട്രയുടെ മാനേജര്‍, സംഗമിത്ര തീയേറ്റേഴ്‌സ് മയാമിയുടെ ഡയറക്ടറുമാണ്. സോണി തോമസ് കണ്ണോട്ടുതറ ഓര്‍ലാന്റോ റീജണല്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, നിലവിലെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമാണ്.

ചിക്കാഗോയിലെ റിനൈണ്‍സ് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഫോമയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതുവാന്‍ പോകുന്ന 2018-ലെ കണ്‍വന്‍ഷന്‍ നടക്കുന്നത്. നാലായിരത്തോളം ആളുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ഒരു കാരണവശാലും നിരാശരാകേണ്ടിവരില്ലെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറിയും, സെക്രട്ടറി ജിബി തോമസും പറഞ്ഞു. പരിപാടികളുടെ മാറ്റുകൂട്ടുവാന്‍ നാട്ടില്‍ നിന്നും എത്തുന്ന സിനിമാ- ഹാസ്യ താരങ്ങള്‍ അണിനിരക്കുന്ന മെഗാ സ്റ്റേജ് ഷോകളും എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ഉണ്ടാകും.

കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍, കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.

Picture2