മെയ് ഒന്നു മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം മെയ് ഒന്നു മുതല്‍ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി. നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തൊഴില്‍രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്റെ പിന്തുടര്‍ച്ചയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത തുടരുകയാണെന്നും തൊഴിലാളി സംഘടനകള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ്. എന്നാല്‍, ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇത് അവസാനിപ്പിച്ചേ പറ്റുവെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.