11 ദിവസത്തിനിടെ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പൊട്ടിച്ചത് 5,000 മോട്ടോര്‍ ഷെല്ലുകള്‍, 35,000 വെടിയുണ്ടകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തെ ഇന്ത്യ നേരിടുന്നത് ശക്തമായ രീതിയില്‍. ഒക്ടോബര്‍ 19 മുതല്‍ 5,000 മോട്ടോര്‍ ഷെല്ലുകളും 35000 വെടിയുണ്ടകളുമാണ് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന വര്‍ഷിച്ചത്. ഏകദേശം 15 പാകിസ്താന്‍ പട്ടാളക്കാര്‍ ബി.എസ്.എഫ് തിരിച്ചടിയില്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

5.6 കിലോമീറ്റര്‍ ദൂരപരിധിയില്‍ പതിക്കുന്ന 3000 ത്തിലേറെ ദീര്‍ഘദൂര മോട്ടോര്‍ ഷെല്ലുകളും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ പതിക്കുന്ന 2000 ലേറെ ഹ്രസ്വദൂര മോട്ടോര്‍ ഷെല്ലുകളുമാണ് പാക് സൈന്യത്തിനുനേരെ ഉപയോഗിച്ചത്.

ദീര്‍ഘ ദൂര മോട്ടോര്‍ ഷെല്ലുകള്‍ ശത്രുക്കളുടെ കേന്ദ്രങ്ങളെ തകര്‍ക്കാനും ഹ്രസ്വദൂര മോട്ടോര്‍ ഷെല്ലുകള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ തകര്‍ക്കാനുമായിരുന്നു പ്രയോഗിച്ചിരുന്നത്.

കൂടുതലും രാത്രികാലങ്ങളില്‍ ജമ്മു മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടക്കുന്നത്. ഭീകരര്‍ക്ക് നുഴഞ്ഞുകയറാനായി പാക് സൈന്യത്തിന്റെ സൗകര്യം ചെയ്തു കൊടുക്കലാണ് ഈ വെടിവെയ്പ്പ്.

രണ്ടാഴ്ച്ചക്കിടെ 60 ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെല്ലാം സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും ബിഎസ്എഫ് പശ്ചിമമേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.