നോക്കി വലുതാക്കിയ മുലകൾ !

മുരളി തുമ്മാരുകുടി

സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ കൂടുതൽ സമയം ചെലവിടേണ്ടി വരുന്നതിനാൽ അവർക്ക് മുലയൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്വകാര്യതക്ക് സംവിധാനം ഉണ്ടാക്കണം എന്ന കാര്യത്തിലോ, മുലയൂട്ടുന്ന അമ്മമാരേ തുറിച്ചു നോക്കുന്നതും അവരെപ്പറ്റി ജഡ്ജ്മെന്റ്‌റ് നടത്തുന്നതും തെറ്റാണെന്ന കാര്യത്തിലോ എനിക്ക് ഒരു സംശയവും ഇപ്പോൾ ഇല്ല. അതുകൊണ്ട് അവിടെ ഒരു വിവാദം വേണ്ട.

അതേ സമയം മുല എന്താണെന്ന് അറിയാതിരുന്ന കാലത്തും മുലകളെ വേണ്ട തരത്തിൽ അറിയാൻ അവസരം ഇല്ലാതിരുന്ന കാലത്തും എവിടെ എങ്കിലും, ചിത്രത്തിലോ നേരിട്ടോ, മുല കാണാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിൽ അവിടെ നേരിട്ടും ഒളിഞ്ഞും നോക്കിയിട്ടുണ്ട്. അതിനാൽ തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. പക്ഷെ മുല കാണാൻ ഒളിഞ്ഞുനോക്കേണ്ട ആവശ്യമില്ലാത്ത കാലം വന്നതിനാലും ഏത് നോട്ടം ശരി ഏത് തെറ്റ് എന്ന് മനസ്സിലായതിനാലും ഇപ്പോൾ ഒളിഞ്ഞുനോട്ടം ഇല്ല.

മുലയൂട്ടലുമായി ബന്ധമില്ലെങ്കിലും മുലനോട്ടവും ആയി ബന്ധപ്പെട്ട ഒരു സത്യം പറഞ്ഞു തരാം. എങ്ങനെയാണ് മനുഷ്യ സ്ത്രീകൾക്ക് ഇങ്ങനെ വലിയ മുലകൾ ഉണ്ടായതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ആന മുതൽ ആട് വരെ സസ്തനികളായ ഒരു ജീവിക്കും അവരുടെ ശരീരവലിപ്പത്തിന്റെ അനുപാതത്തിൽ നോക്കിയാൽ മനുഷ്യ സ്ത്രീകളുടെ അത്രയും വലിയ മുലകൾ ഇല്ല. കുരങ്ങു മുതൽ പട്ടി വരെയുള്ള ജീവികൾക്കാകട്ടെ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന കാലത്ത് മാത്രമാണ് മുല വികസിച്ചു വരുന്നത്. മുലയൂട്ടലിന്റെ ആവശ്യം കഴിഞ്ഞാൽ അത് വീണ്ടും ശരീരത്തോട് ഒട്ടിച്ചേരും. അപ്പോൾ എന്തുകൊണ്ടാണ് മനുഷ്യ സ്ത്രീകളിൽ മാത്രം കുട്ടികൾ ഉണ്ടാകുന്നതിന് മുൻപും കുട്ടികൾ ഉണ്ടായതിന് ശേഷവും ശരീരത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന വലിയ മുലകൾ ഉണ്ടായത് ?

ദൈവം വലിയ മുലകളുമായാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവർ ഡിങ്കമതത്തിൽ പെട്ടവരല്ല. പരിണാമം ആണ് മുലകളെ വളർത്തിക്കൊണ്ടു വന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സംഗതി സിമ്പിൾ ആണ്. എന്തോ കാരണത്താൽ പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് തന്നെ നമ്മുടെ മൂത്ത കാരണവർമാർക്ക് സ്ത്രീകളുടെ മുലകളോട് ഒരു കമ്പം തോന്നി. വലിയ മുല ഉള്ളവരെ നല്ല ചുള്ളന്മാരായ പയ്യന്മാർ നോട്ടമിട്ട് തുടങ്ങി, അവർക്ക് കൂടുതൽ നല്ല പങ്കാളികളെ കിട്ടി. ചെറിയ മുലയുള്ളവർക്ക് പങ്കാളി മാർക്കറ്റിൽ വലിയ വിലയുണ്ടായിരുന്നില്ല. ഇങ്ങനെ കൂടുതൽ കുട്ടികൾ വലിയ മുലയുള്ളവരുടേതായി, തലമുറ കഴിഞ്ഞപ്പോൾ ചെറിയ മുലയുള്ളവരുടെ കുലം കുറ്റിയറ്റു, വലിയ മുലയുള്ളവർ മുന്നേറി, അതിന്നും തുടരുന്നു.

അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഈ മനുഷ്യസ്ത്രീകൾക്ക് വലിയ മുലയുണ്ടായതിന്റെ ശരിയായ ഉത്തരവാദി മുലകുടിക്കുന്ന കുഞ്ഞുങ്ങൾ അല്ല, മുല നോക്കി സ്ത്രീകളെ വിലയിരുത്തുന്ന ആണുങ്ങൾ ആണ്. അവരെ ഒക്കെ ഓടിച്ചു വിട്ടാൽ കുറേ തലമുറ കഴിയുമ്പോൾ നമ്മുടെ മനുഷ്യ സ്ത്രീകളുടെ മുലക്കും മറ്റു സസ്തനികളുടെ ഗതി വരും. പറഞ്ഞില്ലന്ന് വേണ്ട.

മുലകളെക്കുറിച്ച് പറയുന്നതിനാൽ ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യരുടെ മുലകൾ ലൈംഗികതയുമായി ഏറെ ബന്ധമുള്ളതാണ്. ഒരു കൊമ്പനും ലൈംഗികബന്ധത്തിന്റെ സമയത്തോ അല്ലാതെയോ പെണ്ണാനയുടെ മുലയിൽ പിടിക്കാറില്ല. മുലയിൽ പിടിക്കാൻ സൗകര്യമുള്ള കൈകളുള്ള കുരങ്ങനോ മനുഷ്യനുമായി ഏറെ സാദൃശ്യമുള്ള ചിമ്പാൻസിയോ ഇക്കാര്യത്തിൽ മനുഷ്യന്റെ പോലെ ഒരു പെരുമാറ്റം കാണിക്കാറില്ല. അതേ സമയം ലോകത്തെവിടെയും കാലാകാലമായി മനുഷ്യരുടെ ലൈംഗിക ബന്ധങ്ങളിൽ ഏറെ ചേർന്ന് കിടക്കുന്ന ഒന്നാണ് മുലകൾ. അതുകൊണ്ടു തന്നെ കാലങ്ങളായി മുല ലൈംഗികത ആസ്വദിക്കാൻ ഏറെ അവസരമുള്ള ഒരു അവയവമായും വളർന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ എനിക്ക് ഒരു പരാതി ഉണ്ട്. മുലകൾ സ്ത്രീകൾക്ക് മാത്രം ഉള്ളതല്ല. മുലയൂട്ടാനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രം ഉള്ളതാണെങ്കിലും ലൈംഗികത ആസ്വദിക്കാനുള്ള കഴിവ് പുരുഷന്റെ മുലക്കും ഉണ്ട്. ജപ്പാനിൽ ഇത് അവർ ഏറെ വളർത്തിയെടുത്തിട്ടുണ്ട്. പക്ഷെ ലൈംഗികതയെക്കുറിച്ചുള്ള നമ്മുടെ ശരാശരി മലയാളിയുടെ അറിവിലും കഴിവിലും പുരുഷന്റെ മുലക്ക് ഒരു പങ്കുമില്ല. ഇത് മാറണം.

സെക്‌സിനെക്കുറിച്ച് ഒരു സീരീസ് എഴുതാമെന്ന് പറഞ്ഞിരുന്നല്ലോ. പുരുഷന്റെ മുലക്കണ്ണിന്റെ ലൈംഗിക സാധ്യതകളെപ്പറ്റി അതിൽ ഒരു അദ്ധ്യായം ഉണ്ടായിരിക്കും. പതിവ് പോലെ ഈ പോസ്റ്റ് എത്ര പേർ ലൈക്ക് ചെയ്യുമെന്നും ആരൊക്കെ കമന്റടിക്കുമെന്നും ഞാൻ ശ്രദ്ധിക്കും. സെക്‌സിന്റെ സീരീസ് എന്ന് വരുമെന്നും അതിൽ എന്തൊക്കെ വരുമെന്നും നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും.