അനുമതിയുള്ളത് 2.5 ലക്ഷം ചെലവഴിക്കാന്‍: അഴിമതിവിരുദ്ധനായ ബിജു രമേശും മുന്‍മന്ത്രി അടൂര്‍  പ്രകാശും മക്കളുടെ വിവാഹം ഈ പണത്തില്‍ ഒതുക്കുമോ 

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ബാര്‍ മുതലാളിയും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയുമായിരുന്ന ഡോ. ബിജുരമേശിന്റെ മകളും യു.ഡി.എഫ് മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെ നിരവധി സംശയങ്ങളാണ് പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്ന് വരുന്നത്. ബിജു രമേശിന്റെ മകള്‍ മേഘാ രമേശും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ്കൃഷ്ണനും  ഡിസംബര്‍ നാലിന് തിരുവനന്തപുരത്തുവെച്ചാണ് വിവാഹിതരാകുന്നത്. കേന്ദ സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി വിനിമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വി.ഐ.പി വിവാഹം ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിക്ക് സമീപമുള്ള രാജധാനി ഗാര്‍ഡന്‍സില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.

ബാര്‍കോഴക്കേസില്‍ മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ ആരോപണമുന്നയിച്ച് ഒരു സര്‍ക്കാരിനെ രാഷ്ട്രീയവും ധാര്‍മ്മികവുമായി അനിശ്ചിതത്വത്തിലാക്കി താരപരിവേഷം നേടിയ വ്യക്തിയാണ് ഡോ ബിജു രമേശ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും സര്‍വോപരി സമൂഹത്തിലെ എല്ലാവിധ തട്ടിപ്പുകള്‍ക്കുമെതിരാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ പൊതുവേദികളിലും പലവുരു ബിജു രമേശ് പ്രഖ്യാപനം നടത്തിയിട്ടുമുണ്ട്. അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജയലളിതയുടെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥിയായി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായതും. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താനും അഴിമതിക്കെതിരാണെന്നാണ് മുന്‍മന്ത്രി അടൂര്‍ പ്രകാശും പൊതുവേദികളില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കറന്‍സി നിരോധനവും നിയന്ത്രണവും നിലനില്‍ക്കെ പൊതുപ്രവര്‍ത്തകരും ആദര്‍ശധീരരുമായ ഈ രണ്ടു പിതാക്കന്‍മാരും മക്കളുടെ വിവാഹം ഏതു രീതിയില്‍ നടത്തുമെതാണ് ചര്‍ച്ചയാകുന്നത്. എ.ടി.എമ്മുകളില്‍നിന്ന് ദിവസേന പിന്‍വലിക്കാവുന്ന പരമാവധി തുക രണ്ടായിരവും ബാങ്കുകളില്‍ പേ സ്ലിപ്പ് വഴി പിന്‍വലിക്കാവുന്നത് 24000 രൂപയുമാണ്. എന്നാല്‍ ഇതൊന്നുമല്ല നിലവിലെ പ്രശ്‌നം, വിവാഹാവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ മാത്രമെ പിന്‍വലിക്കവൂ എന്നാണ് റസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം. അതും വരന്റെയും വധുവിന്റയും കൂട്ടര്‍ക്ക് ഒന്നിച്ച് ചെലവഴിക്കാവുന്ന പരമാവധി തുക. ബാങ്കില്‍നിന്ന് ഈ പണം പിന്‍വലിക്കാന്‍ വരന്റയും വധുവിന്റെയും പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ രേഖകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 30 വരെ ഈ നയന്ത്രണമുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും കടുത്ത നിയന്തണം നിലനില്‍ക്കെ ഡിസംബര്‍ നാലിന് തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 ക്കും ഏഴിനും മധ്യേയാണ് മേഘയുടെയും അജയ്കൃഷ്ണന്റെയും വിവാഹം നടക്കുന്നത്.
അതേസമയം പണത്തിന് നിയന്ത്രണമുണ്ടെങ്കിലും ഒരു കുറവും വരുത്താത്തനിലയിലുള്ള ഒരുക്കങ്ങളാണ് വെണ്‍പാലവട്ടത്ത് നടക്കുന്നെന്നാണ് അറിവ്. ഏതായാലും റിസര്‍വ് ബാങ്ക് അനുവദിച്ചിരിക്കുന്ന രണ്ടരലക്ഷ രൂപയില്‍ വിവാഹച്ചെലവ് ഒതുങ്ങില്ലെന്ന് വ്യക്തം. വിവാഹം ആര്‍ഭാടമാക്കാന്‍ തന്നെയാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകരാണെങ്കിലും ഇരുവരും കേരളത്തിലെ അറിയപ്പെടുന്ന ബാര്‍ മുതലാളിമാരായതിനാല്‍ ഒന്നിലും ഒരു കുറവും വരുത്താന്‍ ഇരുവര്‍ക്കാകില്ലെന്നതും യാഥാര്‍ഥ്യമാണ്.
നോട്ടിനായി പൊതുജനവും ശമ്പളം മാറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് നിരാശരായി മടങ്ങുന്നതിനിടെയാണ് പൊതുപ്രവര്‍ത്തകരും അഴിമതിക്കെതിരെയും നെറികോടിനെതിരെയും കുരിശുയുദ്ധം പ്രഖ്യാപിച്ചവരുമായ കരായ ഈ രണ്ട് പിതാക്കാന്‍മാരും തങ്ങളുടെ മക്കളുടെ വിവാഹം ആര്‍ഭാമാക്കാനൊരുങ്ങുന്നത്. ഇതു തന്നെയാണ് ഈ വിഷയത്തിലെ വിരോധാഭാസവും. രാജ്യത്ത് നോട്ട് നിയന്ത്രണം വന്നശേഷം 500 കോടി മുടക്കി കര്‍ണാടകയിലെ ഖനി ഉടമയായ ബി.ജെ.പി നേതാവ് ജനാര്‍ദനറെഡി മകളുടെ വിവാഹം നടത്തിയത് ആദര്‍ശത്തിന്റെ അപ്പോസ്തലന്‍മാരയ കേരളത്തിലെ ഈ രണ്ട് പൊതുപ്രവര്‍ത്തകരും മാതൃകയാക്കിയെന്നുവേണം കരുതാന്‍.