വി.മുരളീധരന്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വി. മുരളീധരന്‍ നാളെ മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

ഇതോടെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായി. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള ശ്രമത്തില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു.

View image on TwitterView image on Twitter
ബിജെപി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. മുരളീധരനെ കൂടാതെ നാരായണ്‍ റാണയാണ് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മുരളീധരന് സീറ്റ് ലഭിക്കുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വ്യവസായിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ വീണ്ടും കര്‍ണാടകയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. നേരത്തെ രണ്ടു തവണ അദ്ദേഹം കര്‍ണാടകയില്‍ നിന്ന് രാജ്യസഭാ സാമാജികനായിട്ടുണ്ട്.