ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് കാരണം തന്റെ ഭാര്യയെ ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാകാമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് കാരണം തന്റെ ഭാര്യയെ ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാകാമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. എന്തെങ്കിലും തെറ്റ് വന്ന് പോയിട്ടുണ്ടെങ്കില്‍ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റില്‍ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഷമി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യ ഹസിന്‍ ജഹാനെ ആരോ തെറ്റിദ്ധരിപ്പിച്ചതിനാലാകാം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പരസ്പരം എല്ലാം ക്ഷമിച്ച് നല്ലൊരു കുടുംബ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയും മകളും കൂടെയില്ലെങ്കില്‍ തനിക്ക് കരിയര്‍ പോലും ശ്രദ്ധിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിസിഐ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിശീലനം തുടരണമെന്നും ക്രിക്കറ്റില്‍ സജീവമാകണമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.