വി. മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണു കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണു മുരളീധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

2016ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായാണു സത്യവാങ്മൂലത്തില്‍ ഉള്ളത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതു കുറ്റകരമാണ്. ഒന്നര വര്‍ഷം മുന്‍പു സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവച്ചുവെന്നു കാണിച്ച് വേണമെങ്കില്‍ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷനു തള്ളാം.