ഗോവയെ വീഴ്ത്തി ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍

ചെന്നൈ: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരില്‍ ബംഗളൂരു എഫ്‌സിയെ നേരിടാന്‍ ചെന്നൈയിന്‍ എഫ്‌സി എത്തുന്നു. ഇന്നു നടന്ന രണ്ടാം പാദ സെമിയില്‍ കരുത്തരായ എഫ്‌സി ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈയിന്റെ മുന്നേറ്റം. ആദ്യപകുതിയില്‍ ചെന്നൈയിന്‍ രണ്ടു ഗോളുകള്‍ക്കു മുന്നിലായിരുന്നു. ജെജെ ലാല്‍പെഖൂലയുടെ ഇരട്ടഗോളുകളാണ് മല്‍സരത്തിലെ ഹൈലൈറ്റ്. 26, 90 മിനിറ്റുകളിലാണ് ജെജെ വല ചലിപ്പിച്ചത്. ഗോവയുടെ മൂന്നാം ഗോള്‍ ധനപാല്‍ ഗണേഷ് നേടി.

ഗോവയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ ലീഡുമായാണ് ചെന്നൈയിന്റെ മുന്നേറ്റം. ഈ മാസം 17ന് ബെംഗളൂരുവിന്റെ തട്ടകത്തിലാണ് ഫൈനല്‍. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ കരുത്തരായ പുണെ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയത്.