ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് പ്രവചനം: മുഖ്യമന്ത്രി

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് തെക്കു പടിഞ്ഞാറും രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം കേരളത്തെ നേരിട്ടു ബാധിക്കുമെന്ന് ഇപ്പോള്‍ പ്രവചനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടസാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പതിനഞ്ചാം തിയതി വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 45 അംഗ ദേശീയ ദുരന്ത നിവാരണ സേന നാളെ രാവിലെ തൃശ്ശൂരിലെത്തും. ദുരന്ത നിവാരണ സേനയെ സഹായിക്കേണ്ട എല്ലാ കേന്ദ്രസേനകള്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ ആരും മാര്‍ച്ച് 15 വരെ കടലില്‍ പോകരുതെന്ന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തീരദേശ ഷെല്‍ട്ടറുകളും തയ്യാറാക്കി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. റിലീഫ് ഷെല്‍ട്ടറുകളുടെ താക്കോല്‍ തഹസില്‍ദാര്‍മാര്‍ കയ്യില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തുറമുഖങ്ങളിലും ഹാര്‍ബറുകളിലും സിഗ്‌നല്‍ നമ്പര്‍ 3 ഉയര്‍ത്തിയിട്ടുണണ്ട്. കെ എസ് ഇ ബി കാര്യാലയങ്ങള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് പത്തിന് രാത്രി 9.23 നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന ദുരന്തനിവരാണ അതോറിറ്റി എല്ലാ വകുപ്പിനും വിവരം കൈമാറിയതായും അദ്ദേഹം പറഞ്ഞു.