നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; മറ്റ് രേഖകള്‍ നല്‍കാമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ഒഴികെ മറ്റ് രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പള്‍സ് സെഷന്‍സ് കോടതി. ദൃശ്യങ്ങള്‍ നല്‍കാമോ എന്നത് ഹൈക്കോടതി തീരുമാനിക്കും. നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും നല്‍കണമെന്ന്  വിചാരണക്കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 28 ലേക്ക് മാറ്റി.

വിചാരണ നടപടികള്‍ക്കായി പ്രതികളായ നടന്‍ ദിലീപും പള്‍സര്‍ സുനിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയിരുന്നു . അതേസമയം വിചാരണയ്ക്കായി പ്രത്യേകകോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയ്ക്കായി പ്രത്യേകകോടതിയും വനിതാ ജഡ്ജിയും വേണം. രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദത്തിനും  കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടായത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.  എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്നു.

കേസില്‍ ദിലീപിനെ പ്രതിചേര്‍ത്ത ശേഷം ഇരുവരും ഇതുവരെ ഒരുമിച്ചു കാണുന്ന സാഹചര്യമുണ്ടായിട്ടില്ല. കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ പള്‍സര്‍ സുനിക്കൊപ്പം ഒരേ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ദിലീപ് കോടതിയോട് അപേക്ഷിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു.