മന്ത്രിമാരുടെയും എംഎല്‍എമാരുടയും ശമ്പളം ഇരട്ടിയാക്കുന്നു

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടി സര്‍ക്കാര്‍. പെന്‍ഷന്‍ കൊടുക്കാതെ കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്തുനിന്ന് ഇറക്കാന്‍ സാധിക്കാതെ ശ്വാസം വലിക്കുന്നതിനിടെയാണ് ശമ്പള വര്‍ദ്ധനവ്. മന്ത്രിമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ഇതോടെ മന്ത്രിമാരുടെ ശമ്പളം 54,441ല്‍ നിന്ന് 90,300 രൂപയായി ഉയരും. അതോടൊപ്പം എംഎല്‍എമാരുടെ ശമ്പളത്തിലും വര്‍ദ്ധനവുണ്ട്. എംഎല്‍എമാരുടെ ശമ്പളം പ്രതിമാസം 60,300 രൂപയുമായി ഉയര്‍ത്താനാണ് നീക്കം. നടപ്പു സാമ്പത്തിക സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. മന്ത്രിമാര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നല്‍കണമെന്നാണ് ശുപാര്‍ശ. നിലവില്‍ 54,441 രൂപയാണ് മന്ത്രിമാരുടെ ശമ്പളം. ഇത് ഏകദേശം ഇരട്ടിയോളമാകും. നിലവില്‍ 39,500 രൂപ ശമ്പളം വാങ്ങുന്ന എം.എല്‍.എമാര്‍ക്ക്, 80,000 രൂപ നല്‍കണമെന്നായിരുന്നു ജെയിംസ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ തീരുമാനം.