മെട്രോമാൻ ശ്രീധരനെ ആട്ടിയോടിക്കുന്നവർ സ്റ്റീവ്‌ ജോബ്‌സിന്റെ അവസ്ഥ മറക്കേണ്ട.

അജിത് സുദേവൻ

മെട്രോ റെയിൽ സാങ്കേതിക വിദ്യ മെട്രോമാൻ ശ്രീധരന്റെ സൃഷിയൊന്നും അല്ലല്ലോ എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സഹായമില്ലാതെയും ലോകത്തു ധാരാളം രാജ്യങ്ങൾ മെട്രോപദ്ധതികൾ നടപ്പാക്കിയിട്ട് ഉണ്ടല്ലോ. അതിനാൽ മെട്രോമാൻ ശ്രീധരനെ അവഗണിച്ചയച്ചാലും പണമുണ്ടേൽ അദ്ദേഹത്തെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ അറിവുള്ള മറ്റൊരു വിദഗ്‌ധനെ കൊണ്ട് നമ്മുടെ മെട്രോപദ്ധതികൾ പൂർത്തീകരിക്കാൻ കഴിയും എന്നാണ് കക്ഷിഭേദമന്യേ കുറെ രാക്ഷ്ട്രീയക്കാരും പിന്നെ കുറെ ഉദ്യോഗസ്ഥന്മാരും കഴിഞ്ഞ കുറേകാലമായി വാദിക്കുന്നത്.

ഒറ്റയടിക്ക് ഇവരുടെ വാദഗതികൾ ശെരിയാണ് എന്ന് തോന്നുമെങ്കിലും ആപ്പിൾ കമ്പനിയുടെ വളർച്ചയുടെയും തകർച്ചയുടേയും പിന്നീടുള്ള തിരിച്ചുവരവിന്റെയും ഒക്കെ ചരിത്രം ഒന്ന് നിരീക്ഷിച്ചാൽ ഇവരുടെ വാദഗതികൾ തികച്ചും യുക്തിരഹിതമാണ് എന്ന് മനസിലാക്കാം. കാരണം മഹാപ്രതിഭകൾ അപൂർവവും പകരക്കാർ ഇല്ലാത്തവരുമാണ്. അതിൽ മെട്രോമാൻ ശ്രീധരനെന്നോ ആപ്പിൾ സ്ഥാപകൻ സ്റ്റീവ്‌ ജോബ്‌സെന്നോ ഭേദമില്ല.

ആപ്പിൾ കമ്പനി വളർന്ന് ഒര് നിശ്ചിതനിലയിൽ എത്തിയപ്പോൾ ഒരുവിഭാഗം ആൾക്കാർ പറഞ്ഞു എഞ്ചിനീയറിംഗ് ഡിഗ്രിപോലും ഇല്ലാത്ത സ്റ്റീവ്‌ ജോബ്‌സിനെ കൊണ്ട് ഇനിമുന്നോട്ട് കമ്പനിയെ വളർത്താൻ കഴിയില്ല പകരം കുറച്ചുകൂടി സമർഥനായ മറ്റൊരാളെ കൊണ്ടുവരണമെന്ന്. അവർ കണ്ടെത്തിയ പകരക്കാരൻ പെപ്സി കമ്പനിയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിന്നു. എന്നാൽ അദ്ദേഹത്തിന് സ്റ്റീവ്‌ ജോബ്‌സിനെ പോലെ ഉപാഫോക്താക്കളുടെ മനസറിഞ്ഞു ഉൽപ്പന്നങ്ങൾ ഇറക്കാൻ കഴിയാഞ്ഞത് ആപ്പിൾ കമ്പനിയെ വൻ തകർച്ചയിലേക്ക് നയിച്ചു.

എന്നാൽ കുറെകാലത്തിന് ശേഷം ആപ്പിൾ കമ്പനിയുടെ തലപ്പത്തേക്ക് മടങ്ങിവന്ന സ്റ്റീവ്‌ ജോബ്‌സ് ആപ്പിൾ കമ്പനിയെ വീണ്ടും അതിന്റെ ഉഗ്രപ്രതാപത്തിലേക്ക് തിരിച്ചെത്തിച്ചു. വിപണിയുടെ താളവും ഉപാഫോക്താവിന്റെ മനസും അറിഞ്ഞു ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ സാധിച്ചതാണ് മറ്റ് പലരും പരിശ്രമിച്ചു് പരാജയപ്പെട്ട ടാബ്‌ലറ്റ്‌ കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഒക്കെ വിപണി അടക്കിവാഴുന്ന വിധത്തിൽ വൻലാഭത്തോടെ വിപണിയിൽ എത്തിക്കാനും വിറ്റഴിക്കാനും സ്റ്റീവ്‌ ജോബ്‌സിനെ സഹായിച്ചതും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വെത്യസ്തനാക്കിയതും.

ലോകത്ത് ഏറ്റവും കൂടുതൽ പണം കരുതൽ ധനമായി കൈവശമുള്ള ആപ്പിൾ കമ്പനിക്ക് സ്റ്റീവ്‌ ജോബ്‌സിന്റെ മരണശേഷം അദ്ദേഹത്തെ പോലെ പ്രതിഭാശാലിയായ മറ്റൊരാളെ പകരക്കാരനായി കണ്ടെത്താൻ ഇപ്പോളും കഴിഞ്ഞിട്ടില്ല. പിന്നെയാണോ സാമാന്യയുക്തിക്ക് നിരക്കാത്ത ഒര് ചിട്ടിപദ്ധതിയിലൂടെ പണം കണ്ടെത്തി നിങ്ങൾ മെട്രോമാൻ ശ്രീധരനെക്കാൾ വലിയ പ്രതിഭാശാലിയെ കൊണ്ടുവരും എന്ന് വീമ്പിളക്കുന്നത്.

ഇനി നിങ്ങൾക്ക് ഒര് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞാൽ പോലും പ്രസ്തുതവ്യകതി മെട്രോമാൻ ശ്രീധരനെപോലെ ഏറ്റവും മികച്ച മെട്രോ സംവിധാനം ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ നിർമ്മിക്കാൻ കഴിവുള്ള ആളും ആയിരിക്കില്ല. കാരണം മെട്രോമാൻ ശ്രീധരന് തുല്യം അദ്ദേഹം മാത്രമെന്ന് നിങ്ങൾ അംഗീകരിച്ചിട്ടില്ല എങ്കിലും ലോകം എന്നേ അംഗീകരിച്ചു കഴിഞ്ഞതാണ്.