ഇന്ത്യ സന്ദര്‍ശനത്തിനിടെ ഹില്ലരി ബാത്ത്ടബ്ബില്‍ വീണു; കൈയ്ക്ക് നേരിയ പൊട്ടല്‍

ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണിന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍. ജോധ്പൂരിലെ ഹോട്ടലിലെ ബാത്ത് ടബില്‍ തെന്നിവീണാണ് ഹില്ലരിക്ക് പരിക്കേറ്റതെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വീഴ്ചയെത്തുടര്‍ന്ന് കൈയ്ക്ക് വേദനയുമായാണ് ഹില്ലരി ആശുപത്രിയില്‍ എത്തിയതെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എക്‌സ് റേ, സി.ടി സ്‌കാന്‍ എന്നിവയിലാണ് നേരിയ പൊട്ടല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഹില്ലരിക്ക് ഏതാനും ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതായി ഡോക്ടര്‍ പറഞ്ഞു. ജോധ്പൂരിലെ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്ന ഉമൈദ് ഭവനിലാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികൂടി ആയിരുന്ന ഹില്ലരി ക്ലിന്റണ്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ ഹെറിറ്റേജ് ഹോട്ടലാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് മാസത്തിനു മുമ്പ് ലണ്ടനില്‍വച്ച് ഹില്ലരി ക്ലിന്റണിന്റെ കാല്‍വിരല്‍ ഒടിഞ്ഞിരുന്നു. ‘വാട്ട് ഹാപ്പെന്‍ഡ്’ എന്ന സ്വന്തം പുസ്‌കത്തിന്റെ പ്രചാരണാര്‍ഥമാണ് ഹില്ലരി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ പടിക്കെട്ടുകള്‍ ഇറങ്ങുന്ന ഹില്ലരി കാലിടറി വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.