ട്രമ്പ്‌ ജൂനിയറിന്റെ ഭാര്യ വനേസ ട്രമ്പ്‌ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ട്രമ്പിന്റെ മൂത്തമകന്‍ ദാമ്പത്യ അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിവാഹമോചിതനാകുന്നു. ട്രമ്പ്‌ ജൂനിയറിന്റെ ഭാര്യ വനേസ ട്രമ്പ്‌ വ്യാഴാഴ്ച വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചു. 2005 നവംബറിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്. അവകാശത്തര്‍ക്കങ്ങളൊഴിവാക്കിക്കൊണ്ടുള്ള വിവാഹമോചനത്തിനാണ് മുന്‍ മോഡല്‍ കൂടിയായ വനേസ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ഏതാനും ആഴ്ചകള്‍ മുന്‍പ് ഇവര്‍ക്കിടയിലുള്ള അകല്‍ച്ചയെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് വാര്‍ത്ത നല്‍കിയിരുന്നു. ട്രമ്പ്‌ ജൂനിയറിന്റെ നിരന്തരയാത്രകളും സോഷ്യല്‍ മീഡിയയില്‍ അമിതസമയം ചെലവഴിക്കലും ഇവരുടെ ബന്ധത്തിലെ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രമ്പ്‌ ജൂനിയറിന് വന്ന ഭീഷണിക്കത്ത് തുറന്നത് വനേസയായിരുന്നു. അതിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി സ്പര്‍ശിച്ചതിനെത്തുടര്‍ന്ന് വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ പൊടി നിരുപദ്രവമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കത്തയച്ചയാളെ മാര്‍ച്ച് ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തു.