ഷിക്കാഗോ കലാക്ഷേത്ര കലോത്സവം; അഭിഷേക് ബിജു കലാപ്രതിഭ , സ്വാതി അജികുമാര്‍, ഷാനെറ്റ് ഇല്ലിക്കല്‍ കലാതിലകം

ഷിക്കാഗോ: കലാ – സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്ര സംഘടിപ്പിച്ച കലോത്സവം സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. കലാപ്രതിഭയായി അഭിഷേക് ബിജുവിനെയും, കലാതിലകങ്ങള്‍ ആയി സ്വാതി അജികുമാറിനെയും, ഷാനെറ്റ് ഇല്ലിക്കലിനെയും, റെയ്‌സിംഗ് സ്റ്റാര്‍ ആയി റേച്ചല്‍ വര്‍ഗീസിനെയും തെരഞ്ഞെടുത്തു.
ഷിക്കാഗോയിലുള്ള കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും അവരുടെ സര്‍ഗവാസന പ്രദര്‍ശിപ്പിക്കാനുള്ള ു അസുലഭ അവസരമായിരുന്നു കലോത്സവം. നാലു വേദികളിലായി അഞ്ഞൂറിലധികം വരുന്ന മത്സരാര്‍ഥികള്‍ വിവിധ നൃത്ത്യ – സംഗീത ഇനങ്ങളില്‍ മത്സരിച്ചു. അവതരിപ്പിക്കപ്പെട്ട മത്സര ഇനങ്ങളുടെ കലാമൂല്യം കൊണ്ടും, അത് ആസ്വദിക്കാന്‍ എത്തിയ പ്രേക്ഷക ബാഹുല്യം കൊണ്ടും കലോത്സവം ശ്രദ്ധേയമായി.
കഴിഞ്ഞ ആറു വര്‍ഷത്തോളമായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഉത്സവങ്ങളും, കേരളത്തിന്റെ തനതു ആഘോഷങ്ങളും, ശാസ്ത്രീയമായി പഞ്ചവാദ്യവും, തായമ്പകയും അവതരിപ്പിച്ചു വടക്കേ അമേരിക്കയിലെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ സ്‌നേഹദാര്യങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ള ചിക്കാഗോ കലാക്ഷേത്ര യുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലോത്സവം വിജയമാക്കി തീര്‍ക്കാന്‍ സഹകരിച്ച എല്ലാ കലാ പ്രേമികള്‍ക്കും, വോളന്റയര്‍ ടീമിനും, കലാക്ഷേത്ര ബോര്‍ഡ് ഓഫ് ഡയറക്ടറേഴ്‌സിന് വേണ്ടി പ്രസിഡന്റ് അജികുമാര്‍ ഭാസ്‌കരനും, സെക്രട്ടറി ശ്രീജിത്ത് നായരും നന്ദി രേഖപ്പെടുത്തി.