റഷ്യ അടുത്ത ആറു വര്‍ഷം കൂടി പുടിന്റെ കീഴില്‍; പ്രസിഡന്റ് പദത്തിലേക്ക് വന്‍ മാര്‍ജിനില്‍ വിജയം

മോസ്‌കോ: പ്രതീക്ഷിച്ചു പോലെ തന്നെ റഷ്യന്‍ പ്രസിഡന്റായി വ്‌ളാദിമര്‍ പുടിന്‍ നാലം വട്ടവും അനായാസം തെരഞ്ഞെടുക്കപ്പെട്ടു. 73.9 ശതമാനം വോട്ടുകള്‍ പുടിനു ലഭിച്ചതായി റഷ്യന്‍ സര്‍ക്കാരിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. പ്രധാന പ്രതിപക്ഷ നേതാവ് അലക്‌സ് വനാല്‍നിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. അടുത്ത ആറു വര്‍ഷത്തേക്കു കൂടി രാജ്യത്തെ നയിക്കാനുള്ള ജനങ്ങളുടെ ‘അംഗീകാരം’ പുടിന്‍ തന്നെ നേടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ പാവല്‍ ഗ്രഡിനിന് 11.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
2012 ല്‍ പോള്‍ ചെയ്ത വോട്ടുകളുടെ 64 ശതമാനം നേടിയാണ് പുടിന്‍ കസേര ഉറപ്പിച്ചത്. ഇക്കുറി വോട്ടിംഗ് ശതമാനം കൂടുമെന്ന് പുടിന്റെ പ്രചാരണക്കാര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും 2012 നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കുറയുകയായിരുന്നു. 63.7വശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി സ്റ്റേറ്റ് എക്‌സിറ്റ് പോള്‍ പറയുന്നു.
എന്നാല്‍, പലയിടത്തും വ്യാപകമായ തോതില്‍ വോട്ടിംഗ് കൃത്രമം നടന്നതായി വീഡിയോ റിക്കാര്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബാലറ്റ് ബോക്‌സുകളില്‍ ഇലക് ഷന്‍ അധികൃതര്‍ തന്നെ ബാലറ്റ് പേപ്പറുകള്‍ കുത്തിനിറയ്ക്കുന്നത് കാണമായിരുന്നു. പോളിംഗ് ആരംഭിക്കുന്നതിനു മുമ്പു തന്നെ പല ബാലറ്റ് ബോക്‌സുകളിലും ബാലറ്റ് പേപ്പറുകള്‍ കാണപ്പെട്ടു. ചില പോളിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പു നിരീക്ഷകരെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.