ജനത്തിന് വേണ്ടാത്ത നികുതി സർക്കാരിന് ആവശ്യമുണ്ടോ?

അജിത് സുദേവൻ

ഒരു പ്രത്യേക നികുതി ഭൂരിപക്ഷം ജനങ്ങളും നൽകാൻ സ്വമേധയാ തയ്യാറാകുന്നില്ല എങ്കിൽ പ്രസ്തുത നികുതി കുറവ് വരുത്തുകയോ അല്ലെങ്കിൽ മൊത്തമായി തന്നെ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ഉത്തമം. അതിൽ പ്രാദേശിക നികുതിയെന്നോ, സംസ്ഥാന നികുതിയെന്നോ അല്ലെങ്കിൽ കേന്ദ്ര നികുതിയെന്നോ ഭേദം നോക്കേണ്ട ആവശ്യമില്ല.

കാരണം ലോകവ്യാപകമായി ജനങ്ങൾ നികുതിവെട്ടിക്കുന്നത് അല്ലെങ്കിൽ സ്വമേധയാ നൽകാൻ വിസ്സമ്മതിക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് പ്രസ്തുത നികുതി ജനത്തിന് താങ്ങാൻ വയ്യാത്ത നിരക്കിൽ ഉള്ളതാണ്. അല്ലെങ്കിൽ പ്രസ്തുത നികുതി പണം ഭരണകൂടങ്ങൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും വേണ്ടി ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജയപെടുമ്പോളാണ് ലോകവ്യാപകമായി ജനങ്ങൾ നികുതിവെട്ടിക്കുന്നത് അല്ലെങ്കിൽ സ്വമേധയാ നൽകാൻ വിസ്സമ്മതിക്കുന്നത്.

ഉദാഹരണം കേരളത്തിലെ വാഹന രജിസ്‌ട്രേഷൻ നിരക്ക് അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതൽ ആയതിനാലും, അതോടൊപ്പം പ്രസ്തുത അധിക നികുതിക്ക് ആനുപാതികമായ അധിക ക്ഷേമപദ്ധതികൾ നടപ്പാകുന്നതിൽ അല്ലെങ്കിൽ നടപ്പാക്കുന്നുണ്ട് എന്ന തോന്നൽ ജനത്തിൽ സൃഷ്ടിക്കുന്നതിൽ കേരളത്തിലെ ഭരണകൂടങ്ങൾ പരാജയ പെടുന്നത് കൊണ്ടോ ആണ് പലരും വാഹന രജിസ്‌ട്രേഷൻ അയൽ സംസ്ഥാങ്ങളിൽ നടത്തി അത് വെട്ടിക്കാൻ ശ്രമിക്കുന്നത്.

അമേരിക്കയിലെ കാലിഫോർണിയ കേരളത്തെപ്പോലെതന്നെ ഉയർന്ന വാഹന രജിസ്‌ട്രേഷൻ നിരക്കും അതോടൊപ്പം മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ ക്ഷേമപദ്ധതികളും ഉള്ള സംസ്ഥാനമാണ്. എന്നാൽ വാഹന രജിസ്‌ട്രേഷൻ നടത്തുന്ന നമ്മുടെ RTO വകുപ്പിന് സമാനമായ ഇവിടുത്തെ DMV എന്ന വകുപ്പാണ് ഇവിടുത്തെ തിരിച്ചറിയൽ കാർഡായ സ്റ്റേറ്റ് ഐഡന്റിഫിക്കേഷൻ കാർഡ് നൽകുന്നത്.

മറ്റൊരു സംസ്ഥാനത്തിന്റെ ഐഡിയുമായി ചെന്നാൽ കോളേജിലെ ഫീസ് അടക്കം ഉള്ള പല സർക്കാർ സേവനങ്ങൾക്കും ഇവിടെ മൂന്ന് മടങ്ങു ചാർജ് നൽകേണ്ടി വരും. അതിനാൽ ഒര് സംസ്ഥാനത്തു് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥിരതാമസത്തിന് പോകുന്നവർ ഇവിടെ എത്രയും പെട്ടെന്ന് പുതിയ സംസ്ഥാനത്തെ തിരിച്ചറിയൽ രേഖ സ്വന്തമാക്കാൻ ശ്രമിക്കും.

ഇനി ആരെങ്കിലും വാഹന രജിസ്‌ട്രേഷൻ ലാഭിക്കാനായി ഐഡി മാറ്റിയില്ല എങ്കിൽ അവർ അതിലൂടെ ലാഭിക്കുന്നതിന്റെ പല മടങ്ങു ഇതര സേവനങ്ങൾക്കായി സർക്കാരിലേക്ക് നൽകേണ്ടി വരും. അതുകൊണ്ട് കേരളത്തിലെ പോലെ വാഹന രജിസ്‌ട്രേഷൻ അയൽ സംസ്ഥാങ്ങളിൽ നടത്തി അത് വെട്ടിക്കാൻ ശ്രമിക്കുന്നവർ കാലിഫോർണിയയിൽ കുറവാണ്.

എന്നാൽ ചില അപൂർവ സന്ദര്ഭങ്ങളിൽ നികുതികൾ മാന്യമായ നിരക്കിൽ ഉള്ളതും അതുകൊണ്ട് ഉദ്ദേശിക്കുന്ന പദ്ധതി സാദാരണക്കാർക്ക് ദീർഘസ്ഥായിയിൽ ഗുണപ്രദമാണെകിലും പ്രസ്തുത പദ്ധതിയുടെ സാങ്കേതിക വശങ്ങൾ മനസിലാകാത്തത് മൂലം ജെനങ്ങൾ പ്രസ്തുത നികുതിയെ എതിർക്കാറുണ്ട്. അങ്ങനെയാണ് ഇവിടെ മെട്രോ റെയിൽ പദ്ധതികൾക്കായി കൊണ്ടുവന്ന പെട്രോളിന് മുകളിൽ ഉള്ള നികുതിയും അനുബന്ധ കടപ്പത്രങ്ങളും ഇവിടെ വ്യാപകമായി എതിർക്കപ്പെട്ടത്.

ഭൂരിപക്ഷപേരും സ്വന്തം വാഹനം ഉപയോഗിക്കുന്ന കാലിഫോർണിയയിൽ മെട്രോപോലെ വൻമുതൽമുടക്ക് ഉള്ള ഒരു പൊതു ഗെതാഗത സംവിധാനം എന്തിനാണ്? ഇനി അധവാ അത് നല്ലതാണ് എങ്കിൽ തന്നെ കാർ ഉപയോഗിക്കുന്നവർ നൽകുന്ന നികുതി റോഡ് വികസനത്തിന് വേണ്ടിയല്ലേ ഉപയോഗിക്കേണ്ടത് അല്ലാതെ റയിൽവേ വികസനത്തിന് വേണ്ടിയാണോ ഉപയോഗിക്കേണ്ടത്? എന്നിവ ആയിരിന്നു പ്രസ്തുത നികുതിയെ എതിർക്കുന്നവരുടെ പ്രധാന ചോദ്യങ്ങൾ .

അതോടെ സർക്കാർ പ്രസ്തുത വിഷയത്തിൽ ശാസ്ത്രീയ പഠനങ്ങൾ വിവിധ സ്വാതന്ത്ര ഏജന്സികളെകൊണ്ട് നടത്തുകയും മെട്രോ എങ്ങനെയാണ് പ്രത്യക്ഷമായല്ലങ്കിലും പരോക്ഷമായി കാർ ഉപയോഗിക്കുന്നവർക്കും ഉപകാരപ്രദമാകുന്നത് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു.

പത്തുവരിപാത പന്ത്രണ്ടുവരിയാക്കിയാൽ കിട്ടുന്നതിനിന് ആനുപാതികമായ ഗുണം അതെ പാത പതിനാലോ പതിനാറോ വരി ആയി ഉയർത്തിയാൽ കിട്ടില്ല എന്നും അതിനാൽ നിലവിൽ റോഡ് വികസനം അതിന്റെ പരമാവധി നിരക്കായ 12 വരിയെങ്കിലും ആയി കഴിഞ്ഞിടത്ത് അല്ലെങ്കിൽ റോഡ് കൂടുതൽ വീതികൂട്ടാൻ സ്ഥലപരിമിതി ഉള്ളിടത്ത് റോഡ് കൂടുതൽ വീതികൂട്ടാൻ നോക്കാതെ മെട്രോ നടപ്പാക്കിയാൽ കുറേപേർ അതിലൂടെ പോകുമ്പോൾ ഗെതാഗത കുരുക്ക് താനെ കുറഞ്ഞു വരും എന്ന് ജനത്തെ ശാസ്ത്രീയമായി ബോധ്യപ്പെടുത്തി. അതോടെ ജനം പ്രസ്തുത നികുതി വര്ധനവിനെയും അനുബന്ധ കടപ്പത്രങ്ങളെയും അനുകൂലിച്ചു വോട്ട് ചെയ്‌തു.

നാട്ടിലും ഇവിടുത്തെ പോലെ അത്തരം സന്ദർഭങ്ങളിൽ അധികാരികൾ ജനത്തെ പ്രസ്തുത പദ്ധതിയുടെ നേട്ടങ്ങൾ എന്താണ് എന്ന് മനസിലാക്കി കൊടുക്കാൻ ശ്രെമിക്കുക. അല്ലാതെ നാട്ടിൽ ഒര് ശതമാനം ജെനങ്ങൾ മാത്രമേ ആദായ നികുതി നൽകുന്നുള്ളൂ അതുകൊണ്ടാണ് പാതിരാത്രി നോട്ട് പിൻവലിച്ചു കൂടുതൽ പേരെ ആദായ നികുതി പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്ന വാദത്തിന് വലിയ അടിസ്ഥാനം ഒന്നും ഇല്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ