‘പാരി നോട്ട് എ ഫെയറിടെയില്‍’

അമാനുഷികമായ കഴിവുകളും ദുരൂഹങ്ങളായ മാനസികനിലയുമുള്ള ഒരു യുവതിയായി അനുഷ്‌കശര്‍മ്മ നിങ്ങളെ ഞെട്ടിക്കുന്നു. ‘പാരി നോട്ട് എ ഫെയറിടെയില്‍’ ഒരു സൂപ്പര്‍നാച്വറല്‍ ഹൊറര്‍ ചിത്രമാണ്. കൊല്‍ക്കത്തയിലെ ഇടുങ്ങിയ ലെയ്‌നുകളിലൂടെയും ഭീതിജനിപ്പിക്കുന്ന കെട്ടിടങ്ങളിലൂടെയും ഇരുള്‍മൂടിയ വനങ്ങളിലൂടെയുമാണ് കാമറ ചുറ്റിതിരിയുന്നത്.
പിശാചിനെ ആരാധിക്കുന്ന ബംഗ്ലാദേശിലെ ഒരു ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിപ്പിക്കുന്നത്. അതിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള മറ്റൊരു ഗ്രൂപ്പിന്റെ നേതാവാണ് പ്രഫ. ക്വാസിം അലി. രജത് കപൂറാണ് ഈ റോളില്‍. മഴയുള്ള ഒരു രാത്രിയില്‍ കൊല്‍ക്കത്തയിലെ ഒരു പ്രിന്റിംഗ് പ്രസിലെ ജീവനക്കാരനായ അര്‍ണബ്(പരംബ്രത ചാറ്റര്‍ജി) വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാര്‍ തട്ടി രുക്‌സാനയുടെ (അനുഷ്‌ക) മാതാവ് (പ്രീതിശര്‍മ്മ) മരണപ്പെടുന്നു. യുവതിയുടെ ദയനീയാവസ്ഥ കണ്ട് അവളെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നു. യുവതിയുടെ പൂര്‍വകാലത്തേക്കുറിച്ച് അയാള്‍ക്കൊന്നും അറിയില്ല. ‘ഇഫ്രിത്’ ഗ്രൂപ്പിലെ അവസാന കണ്ണിയായ രുക്‌സാനയെ ഇല്ലാതാക്കാനുള്ള പ്രഫസറുടെ ശ്രമവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.
നവാഗതനായ പ്രൊസിത് റോയിയാണ് സംവിധായകന്‍. അനുഷ്‌കയുടെ നിര്‍മ്മാണ കമ്പനിയായ ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. റീത്താബാരി ചക്രബര്‍ത്തിയും പ്രധാന റോളിലുണ്ട്. ബംഗാളിലെ 24 പര്‍ഗാനയിലാണ് ഏറിയ പങ്കും ചിത്രീകരിച്ചത്. മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നും മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കാട്ടി പാകിസ്ഥാനില്‍ ‘പാരി’ നിരോധിച്ചിരുന്നു. രാംസെ സഹോദരന്മാര്‍ക്കുശേഷം ഹിന്ദിയില്‍ ഹൊറര്‍ ചിത്രങ്ങള്‍ കുറവായിരുന്നു. അത് നികത്തുന്ന ‘പാരി’ അനുഷ്‌കയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലാണ്.