അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞു. 2014ല്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് കേജ്രിവാള്‍ പരസ്യമായി രംഗത്തു വന്നിരുന്നു. അതിനെതിരെ നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേജ്രിവാള്‍ മാപ്പ് പറഞ്ഞതോടെ ഗഡ്കരി കേജ്രിവാളിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. കപില്‍ സിബലിനെതിരെ നടത്തിയ വിവാദ വിമര്‍ശനവും കേജ്രിവാള്‍ മാപ്പപേക്ഷ നല്‍കി പിന്‍വലിച്ചിട്ടുണ്ട്.

ഇന്ത്യയിൽ അഴിമതിക്കാരായ നേതാക്കളുടെ പട്ടികയിലാണ് നിതിൻ ഗഡ്കരിയുടെ പേരും ഉള്ളതെന്നായിരുന്നു കെജ്രിവാള്‍  തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ആരോപണം. മാപ്പപേക്ഷ നൽകിയതിനെ തുടര്‍ന്ന് കെജ്രിവാളിനെതിരെയുള്ള മാനനഷ്ട കേസ് ഗഡ്ക്കരി പിൻവലിച്ചു. ഇതുകൂടാതെ കപിൽ സിബൽ നൽകിയ മാനനഷ്ട കേസിലും കെജ്രിവാള്‍ മാപ്പപേക്ഷ നൽകി. ടെലികോം കമ്പനിക്കായി സിബലിന്‍റെ മകൻ കോടതിയിൽ ഹാജരായതിനെ വിമര്‍ശിച്ച് നടത്തിയ ആരോപണത്തിനെതിരെയായിരുന്നു ഈ കേസ്. അതേസമയം കേസുമായി മുന്നോട്ടുപോകുമെന്ന് കപിൽ സിബൽ വ്യക്തമാക്കി.

പഞ്ചാബിലെ മുൻ മന്ത്രിയോടും മാപ്പുപറഞ്ഞ് കേസ് പിൻവലിപ്പിച്ചതിനെ പിന്നാലെയാണ് നിതിൻ ഗഡ്കരിയോടും കെജരിവാൾ മാപ്പ് പറഞ്ഞത്. കേജ്രിവാള്‍ തുടരെ മാപ്പപേക്ഷ നല്‍കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് ആംആദ്മി പാര്‍ട്ടിയിലെ പല നേതാക്കളും ആരോപിച്ചു. പാര്‍ട്ടിയില്‍ പല നേതാക്കളും കേജ്രിവാളിന്റെ നടപടികള്‍ക്ക് എതിരാണ്. വരും ദിവസങ്ങളില്‍ ഇത് പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറിക്ക് കാരണമായേക്കും.