‘ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നണി’; മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ തുറന്ന് കെസിആര്‍-മമ്ത കൂടിക്കാഴ്ച

ബിജെപിക്കെതിരായി പ്രബലമായ മറ്റൊരു മുന്നണി രൂപപ്പെടുമെന്ന് തുറന്ന് പറഞ്ഞ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ അവസാനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മൂന്നാം മുന്നണിയെ കുറിച്ച് കെസിആര്‍ വാചാലനായത്.

തിരഞ്ഞെടുപ്പില്‍ മറ്റൊരു മുന്നണി കൂടി വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനനുസരിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു മുന്നണിക്ക് രൂപം നല്‍കും. കൂട്ടായ നേതൃത്വത്തിലൂടെ മുന്നേറുന്ന മുന്നണിയായിരിക്കും അത്. 2019 തിരഞ്ഞെടുപ്പില്‍ അത്തരത്തിലൊരു മുന്നണി ഉണ്ടാകുമോ എന്നാണ് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഉറപ്പ് തരുന്നു ജനങ്ങള്‍ക്ക് അത്തരത്തിലൊരു മുന്നണി രൂപപ്പെടുക തന്നെ ചെയ്യും. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം എന്നതിനപ്പുറം അതൊരു കൂട്ടായ്മയുള്ള നേതൃത്വം ആയിരിക്കും. ജനങ്ങള്‍ക്കു വേണ്ടിയാണ് അത്തരത്തിലൊരു മുന്നണിക്ക് രൂപം നല്‍കുന്നതും. ഈ മുന്നണിക്ക് പ്രത്യേക അജന്‍ഡകള്‍ ഉണ്ടാകില്ല. മറിച്ച്, ജനങ്ങളുടെ അജന്‍ഡയായിരിക്കും ഇവിടെ നടപ്പിലാക്കുകയെന്നും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരന്‍ റാവു പറഞ്ഞു.

കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഇത് പുതിയ ഒരു ആരംഭമായിരിക്കുമെന്നും മമ്ത ബാനര്‍ജി പ്രതികരിച്ചു. രാജ്യത്തിന്റെ പുരോഗതിയെ കുറിച്ചാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. അതിനു വേണ്ടി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരും. അതാണ് രാഷ്ട്രീയം. ഞാന്‍ രാഷ്ട്രീയത്തില്‍ വിശ്വതിക്കുന്നു. ഈ കൂടിക്കാഴ്ച ഒരു ശുഭലക്ഷണമാണെന്നും മമ്ത ബാനര്‍ജി ഇരുവരുടെയും ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചു. ബംഗാളില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.