ലൈംഗിക അതിക്രമം: പ്രതിഷേധവുമായി ജെഎന്‍യു വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച പ്രൊഫസറെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങി. വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

ജെ.എന്‍.യു പ്രൊഫസര്‍ അതുല്‍ ജോഹ്രി വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രക്ഷോഭം നടത്തുകയാണ്. അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ ഒന്‍പതോളം വിദ്യാര്‍ഥികളാണ് പരാതി നല്‍കിയിട്ടുള്ളത്. ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ തങ്ങളെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും മോശമായ രീതിയില്‍ ദേഹത്ത് സ്പര്‍ശിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനികള്‍ വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് അധ്യാപകനായ അതുല്‍ ജോഹ്രിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്ത പോലീസിനെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനുശേഷവും പ്രൊഫസറെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങിയത്.