കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് മാഫിയയുടെ ബിസിനസ് പൊടിപൊടിക്കുന്നു

കൊച്ചി :മല കണ്ടാൽ അത് അപ്പോൾ തന്നെ ഇടിച്ചു നിരത്തി പൊക്കിയെടുത്ത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടില്ലെങ്കിൽ ഉറക്കം വരില്ല കുറച്ച് ജെന്മങ്ങൾക്ക്… !
സംസ്ഥാനത്ത് കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് മാഫിയയുടെ ബിസിനസ് പൊടിപൊടിക്കുന്നു.ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് വീടുകള്‍ക്ക് മണ്ണെടുക്കാനുള്ള അനുവാദത്തിന്റെ മറവില്‍ വ്യാപകമായ മണ്ണെടുപ്പ് നടത്തുന്നത്.

എറണാകുളം ആസ്ഥാനമായുള്ള ആറംഗ സംഘമാണ് നീക്കത്തിനു പിന്നില്‍.
ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് ജിയോളജി വകുപ്പ് മൂന്നു ജില്ലകളിലും മണ്ണെടുപ്പിന് അനുമതി നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇതോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും സ്ഥലംമാറ്റാനുമുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ അടിമാലി, പടിഞ്ഞാറേ കോടിക്കുളം, കാളിയാര്‍, തങ്കമണി, കൊന്നത്തടി എന്നിവിടങ്ങളിലും കോട്ടയത്ത് തൃക്കൊടിത്താനം, വൈക്കം, തലയോലപ്പറബ്, എന്നിവിടങ്ങളില്‍ നിന്നുമാണ് മണ്ണെടുപ്പ് നടക്കുന്നത്.ഇഷ്ടിക ഉണ്ടാക്കാനും കൊച്ചിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതിനുമായി ചതുപ്പ് സ്ഥലങ്ങള്‍ നികത്താനുമായാണ് മണ്ണെടുപ്പ്.
സാധാരണയായി സര്‍ക്കാര്‍ നിയമപ്രകാരം വീട് നിര്‍മാണത്തിനായി എടുക്കുന്ന മണ്ണ് എവിടെ നിക്ഷേപിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ല.

ഇതു മുതലെടുത്താണ് എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു ഇടുക്കിയില്‍ നിന്നുള്‍പ്പെടെ മണ്ണെത്തിക്കുന്നത്. ചട്ട വിരുദ്ധമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിലപാട് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്