യുവ നേതൃത്വം വരട്ടേ: രാഹുലിന്റെ ആഹ്വാനത്തെ നെഞ്ചേറ്റി ഗോവ അധ്യക്ഷന്‍ രാജിവച്ചു

പനാജി: പാര്‍ട്ടിയില്‍ യുവ നേതൃത്വം കടന്നുവരട്ടേയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം നെഞ്ചേറ്റി ഗോവ സംസ്ഥാന അധ്യക്ഷന്‍. 71 കാരനായ ശാന്താറാം നായിക്കാണ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചത്.

കോണ്‍ഗ്രസ് പ്ലീനറി യോഗത്തിലെ രാഹുലിന്റെ പ്രസംഗത്തെത്തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നയിക്കാന്‍ പുതിയ തലമുറ വരട്ടേയെന്ന് രാഹുല്‍ ഗാന്ധി ഞായറാഴ്ച പ്രസംഗിച്ചിരുന്നു. അതിനു ശേഷമുണ്ടായ, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുള്ള ആദ്യ രാജിയാണിത്.

2017 ജൂലൈ എട്ടു മുതലായിരുന്നു ശാന്താറാം നായിക്ക് ഗോവ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

”പുതിയ തലമുറ മുന്നോട്ടു വരാന്‍ വേണ്ടി ഞാന്‍ ഗോവ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു രാജിവയ്ക്കുന്നു. പ്ലീനറില്‍ സെഷനില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രചോദനം കൊണ്ടാണിത്”- നായിക്ക് പറഞ്ഞു.