പി.ജയരാജന് വല്ലതും സംഭവിച്ചാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഇന്റലിജന്‍സ്

കണ്ണൂര്‍: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പി.ജയരാജന് വല്ലതും സംഭവിച്ചാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം.കണ്ണൂര്‍ ജില്ലയില്‍ മാത്രമായി സംഘര്‍ഷം ഒതുങ്ങി നില്‍ക്കില്ലന്നും രാഷ്ട്രീയ കലാപമായി പടരാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.

ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ഭീഷണി സംബന്ധമായ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് നാടകമാണെന്ന് ആരോപിച്ചത് പൊലീസ് മുഖവിലക്കെടുക്കുന്നില്ല.

ഇത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ‘ഓപ്പറേഷന്‍’ പ്ലാന്‍ ചെയ്യുന്നത് സംസ്ഥാന നേതൃയോഗം ചേര്‍ന്ന് എടുക്കുന്ന തീരുമാനമല്ലല്ലോ എന്നാണ് പൊലീസിന്റെ പ്രതികരണം.

ആരെയാണ് ജയരാജനെ വധിക്കാന്‍ ഏല്‍പ്പിച്ചത് എന്നത് സംബന്ധമായ വിവരം പേര് സഹിതം പുറത്ത് വിട്ട പൊലീസ് കൃത്യം നടത്താന്‍ ഏല്‍പ്പിച്ച നേതാവിന്റെ പേര് ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്.

ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ണൂര്‍ ജില്ലയിലെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നീക്കങ്ങളും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

കതിരൂര്‍ എരുവട്ടി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം ക്യാംപ് ചെയ്ത കടമ്പൂര്‍, പൂങ്കാവ്, പാലയാട്, കുന്നുമ്പ്രം, ചക്കരക്കല്‍, മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി പരിസരത്ത് നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങളും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും പാര്‍ട്ടി ഓഫീസ് ആക്രമിച്ച് ജയരാജന്‍ അവിടെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ വകവരുത്തുക എന്നതാണ് അക്രമികളുടെ ലക്ഷ്യമെന്നതാണ് പൊലീസിന് ലഭിച്ച വിവരം.

പിടിക്കപ്പെട്ടാല്‍ കതിരൂര്‍ മനോജ് വധത്തില്‍ പ്രതികാരം ചെയ്യാന്‍ സംഘപരിവാര്‍ നേതൃത്വത്തിന്റെ അറിവില്ലാതെ വ്യക്തിപരമായി ചെയ്ത കൃത്യമായി മൊഴി നല്‍കാനായിരുന്നുവത്രെ നിര്‍ദ്ദേശം.

ഇത്രയും നിര്‍ണ്ണായക വിവരങ്ങള്‍ നിരീക്ഷണത്തിലായിരുന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും ചോര്‍ന്ന് കിട്ടിയതാണോ അതോ ‘അകത്ത് ‘നിന്ന് തന്നെ ലഭിച്ചതാണോ എന്ന കാര്യം പൊലീസ് അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.

ഒരു കാര്യം മാത്രമാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ ഇതുസംബന്ധമായി വ്യക്തമാക്കുന്നത് ഇപ്പോള്‍ ലഭിച്ച വിവരം പോലെ കൃത്യമായ വിവരം സമീപകാലത്തൊന്നും ലഭിച്ചിട്ടില്ലത്രെ. കനത്ത പൊലീസ് സുരക്ഷ ജയരാജന് ഒരുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലക്കകത്തും പുറത്തും പൊലീസ് നിരീക്ഷണത്തിലായിരിക്കും ഇനി ജയരാജന്റെ യാത്ര. അതേ സമയം പൊലീസ് സുരക്ഷക്ക് അപ്പുറം പാര്‍ട്ടി സുരക്ഷയാണ് സി.പി.എം ജയരാജന് ഇപ്പോള്‍ ശക്തമാക്കിയിട്ടുള്ളത്.

1999 സെപ്തംബര്‍ 25 ന് തിരുവോണനാളില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ നിന്നും ചങ്കുറപ്പ് കൊണ്ടു മാത്രം രക്ഷപ്പെട്ട ജയരാജന് നേരെ ഒരു മണല്‍ തരി വീണാല്‍ പോലും വിവരമറിയുമെന്ന നിലപാടിലാണ് പാര്‍ട്ടി കേഡര്‍മാര്‍.

അസാധാരണമായ മന:ശക്തിയും വൈദ്യശാസ്ത്ര മികവും ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് അന്ന് ജയരാജന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഇന്ത്യയില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഏറ്റവും അധികം ബലിദാനികളുള്ള ജില്ലയാണ് കണ്ണൂര്‍. സി.പി.എമ്മിനും ഏറ്റവും അധികം രക്തസാക്ഷികള്‍ ഉള്ളതും കണ്ണൂര്‍ ജില്ലയിലാണ്.

ബഹുജന അടിത്തറയില്‍ സി.പി.എമ്മിന് അടുത്തെത്താനുള്ള ശേഷി ഇവിടെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാത്തതിനാലാണ് ഇവിടം ചെങ്കോട്ടയായി അറിയപ്പെടുന്നത്.

സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളായ സുധീഷ് മിന്നി ഒ.കെ.വാസു തുടങ്ങി നിരവധി പേര്‍ സി.പി.എം പാളയത്തിലെത്തിയതോടെ സംഘപരിവാറിന്റെ ‘ആഭ്യന്തര രഹസ്യങ്ങള്‍’ അടക്കം സി.പി.എമ്മിന് ലഭിച്ചിരുന്നു. ഇതില്‍ ജയരാജന് എതിരായി മുന്‍പ് നടന്ന വധശ്രമം മുതന്‍ പ്രധാന കൊലക്കേസുകള്‍ വരെ ഉള്‍പ്പെടും.

ആക്രമണത്തെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അണികളെ പ്രേരിപ്പിക്കുന്ന നേതാവല്ല ജയരാജന്‍ എന്നതിനാല്‍ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളും ‘മാറ്റമില്ലാതെ’ തുടരുകയാണ്.

ഈ സാഹചര്യത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് കേഡറുകള്‍ക്ക് എതിരായ നീക്കങ്ങളും കതിരൂര്‍ മനോജ് അടക്കം പ്രധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമെല്ലാം പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതിനാലാണ് ജയരാജനെതിരെ തിരിയാന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.