അഹന്തയും അധികാരത്തിന്റെ മത്തും വെടിഞ്ഞു ജനങ്ങൾക്കിടയിലേക്ക് ജനനേതാവായി വരിക

സുനിത ദേവദാസ്

“കീഴാറ്റൂരിനെ നന്ദിഗ്രാം ആക്കാൻ നോക്കേണ്ടെ “ന്നു പിണറായി വിജയൻ .
ഇപ്പോഴും പ്രിയപ്പെട്ട സഖാവെ ,
കീഴാറ്റൂർ നന്ദിഗ്രാമായി മാറിക്കൊണ്ടിരിക്കുകയല്ല , മറിച്ചു കേരളത്തിൽ ബി ജെ പി കാലുറപ്പിച്ചു കൊണ്ടിരിക്കുകയാണ് ഓരോ ദിവസം കഴിയുംതോറും . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന , കാണാതെ പോകുന്ന വിഷയങ്ങൾ അവർ കാണുന്നു , സമരത്തിൽ പങ്കാളികളാവുന്നു , ചർച്ചയിൽ വരുന്നു , ഞങ്ങടെ മോഡി എന്ന് പറയുന്നു …. അവർ മെല്ലെ മെല്ലെ കേരളത്തിൽ വേരാഴ്ത്തിക്കൊണ്ടിരിക്കുകയാണ് .

ആർസി സിയിൽ പോയിട്ടുള്ളവർക്ക് അറിയാം , എങ്ങനെയാണു അവിടെ ക്രിസ്ത്യൻ മിഷനറിമാർ നിശബ്ദമായി മതംമാറ്റം നടത്തുന്നത് എന്ന് . കാൻസർ ബാധിച്ചു മരിച്ചു ജീവിക്കുന്നവരുടെ , ഇഛാശക്തി നഷ്ടപ്പെട്ടവരുടെ , സാമ്പത്തികമായി തകർന്നവരുടെ മനസ്സിലേക്ക് അവർ ഒരു നേരത്തെ ആഹാരത്തിന്റെയും ഒരു നേരത്തെ കിടപ്പാടത്തിന്റെയും രൂപത്തിൽ യേശുവായി നേരിട്ട് അവതരിക്കുന്നു . തകർന്ന ജീവിതങ്ങളിൽ മതം എന്ന കാൻസർ കുത്തിവക്കുന്നു . കാൻസർ വന്നു തളർന്ന ഞരമ്പുകൾ മതംമാറ്റത്തിന് കുറിച്ചൊന്നും ചിന്തിക്കില്ല . എവിടുന്ന് മരുന്നും ആഹാരവും കിട്ടുന്നു അവിടെ ചേർന്ന് നിൽക്കും . നിശബ്ദമായ മതംമാറ്റ കാൻസർ ജീനുകൾ അങ്ങനെയാണ് ശരീരവും മനസ്സും തകർന്നവരിൽ കുത്തിവെക്കപ്പെടുന്നത് .

ഇപ്പോൾ ബി ജെപി ചെയ്യുന്നതും അത് തന്നെയാണ് . ഇടതുവലതുപക്ഷ മുന്നണികൾ അറിഞ്ഞും അറിയാതെയും കണ്ണടക്കുന്നു വിഷയങ്ങളിൽ അങ്ങോട്ട് പോയി ഇടപെടുന്നു . പിന്തുണ പ്രഖ്യാപിക്കുന്നു . സമരം പ്രഖ്യാപിക്കുന്നു . അവർ വേരുറപ്പിക്കുകയാണ് .

1 . കീഴാറ്റൂർ സമരത്തിന് ബിജെപി പ്രഖ്യാപിക്കുന്ന പിന്തുണ , അത് സ്വീകരിക്കാൻ നിർബന്ധിതരാവുന്നു നിസഹായരായ മനുഷ്യർ
2 . ചെങ്ങന്നൂരിൽ മാണിക്ക് പിന്നാലെ നടക്കുന്ന ബിജെപി
3 . തിരുവനന്തപുരത്തു അവർ നാട്ടിയ എം എൽ എ കൊടി .. അതിലൂടെ അവർ പടർത്തുന്ന വേരുകൾ
4 . ദേശീയ തലത്തിൽ അവർ ചർച്ച ആക്കുന്ന കേരളത്തിന്റെ
അക്രമ കൊലപാതക രാഷ്ട്രീയം .
5 . അവർ നിറഞ്ഞു നിൽക്കുന്ന ഗണേശോത്സവം മുതൽ ശ്രീകൃഷ്ണജയന്തി വരെയുള്ള ഹിന്ദു ആചാരങ്ങൾ , അനുഷ്ടാനങ്ങൾ

6 . അവർ ചുവടുറപ്പിക്കുന്ന അമ്പലങ്ങൾ
7 . അട്ടപ്പാടി മുതലുള്ള വിഷയങ്ങളിൽ അവർ ദളിത് വിഷയങ്ങളിൽ ഇടപെടുന്ന രീതി

വളരെ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് . നിസ്സഹായരായ ജനതയിലേക്കാണ് അവർ കടന്നു കയറുന്നത് .

ഈ സമയത്ത് ഇടതു മുന്നണി ചെയ്യുന്നത് എന്താണ് ?
സിപിഐയും സി പിഎമ്മും തമ്മിലുള്ള ചക്കളത്തി പോരുകൾ , വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വിപണനം ….

എല്ലാവരെയും പാർട്ടിയിൽ നിന്നും അകറ്റാനാണ് ഇടതുമുന്നണി മത്സരിക്കുന്നത് . ഞങ്ങൾ നേതാക്കളും പിന്നെ കുറച്ചു ചുടു ചോറ് വാരുന്ന കുട്ടിക്കുരങ്ങന്മാരും മതി എന്ന നിലപാടുമായി എത്ര കാലം മുന്നോട്ട് പോകും ?

ദയവായി , ദയവായി , എല്ലാ മുൻവിധികളും മാറ്റി വച്ച് , ചുറ്റും നടക്കുന്ന കാര്യങ്ങളിലേക്ക് കണ്ണ് തുറന്നു നോക്കുക . ബിജെപിയുടെ തേരോട്ടത്തെ തടയുക . കേരളത്തിലെ മുഴുവൻ മനുഷ്യരെയും അണികളെയും അനുഭാവികളെയും ചേർത്ത് നിർത്തുക , ആഭ്യന്തരവകുപ്പിനെ ഒന്ന് ശ്രദ്ധിക്കുക .

ഇടതുപക്ഷത്തിന്റെ പരിസരത്തു തന്നെ നിൽക്കുന്ന ഒരു മനുഷ്യന്റെ നിർദോഷമായ അഭ്യര്ഥനയാണിത് .
ദയവായി അഹന്തയും അധികാരത്തിന്റെ മത്തും വെടിഞ്ഞു ജനങ്ങൾക്കിടയിലേക്ക് ജനനേതാവായി ഇറങ്ങിവരുക .
സാധാരണക്കാർക്ക് ചെവി നൽകുക .
അതിലുപരി ജനങ്ങളോട് സംസാരിക്കു .
ഞങ്ങൾക്ക് അറിയണം . സഖാവിന്റെ ഓരോ വിഷയത്തിലുമുള്ള നിലപാട് എന്തെന്ന് .

എല്ലാത്തിനേയുംഎം ബിജെപിക്ക് വിട്ടു കൊടുക്കുന്നതിനു പകരം എല്ലാരേയും ചേർത്ത് നിർത്തുന്ന രാഷ്ട്രീയം പിന്തുടരു .