കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ വിവാദത്തിലായ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. വിവരങ്ങള്‍ ശേഖരിച്ച മാര്‍ഗവും ആരുടെയൊക്കെ വിവരങ്ങളാണ് ശേഖരിച്ചത് എന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

മാര്‍ച്ച് 31നകം ആറ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കേംബ്രിഡ്ജ് അനലറ്റിക്കയോടെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്, ഇതിനായി അവരുടെ അനുവാദം വാങ്ങിയോ, വിവരങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് സ്ഥാപനത്തോട് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചിട്ടുള്ളത്.

കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സ്ഥാപനത്തിന് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന ആരോപണമാണ് കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ നില നില്‍ക്കുന്നത്.