അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍; മാര്‍പാപ്പയുടെ പരിഗണയ്ക്കു വിടാന്‍ തീരുമാനം

അങ്കമാലി: സീറോ മലബാര്‍ സഭയില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനുരഞ്ജനത്തിലേക്ക്. വിഷയം മാര്‍പാപ്പയുടെ പരിഗണയ്ക്കു വിടാന്‍ തീരുമാനമായി. വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറും. വൈദിക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാപ്പു പറയേണ്ടതില്ലെന്നും വൈദിക സമിതി വ്യക്തമാക്കി.

ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാകാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ രൂപപ്പെട്ടത്.

എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പൂത്തന്‍വീട്ടില്‍, പ്രോ വികാരി ജനറല്‍ മോണ്‍. ആന്റണി നരികുളം എന്നിവരും ഭൂമി ഇടപാട് അന്വേഷിക്കാന്‍ അതിരൂപത നിയമിച്ച അന്വേഷണ കമ്മിഷനിലെ അംഗങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ആ ചര്‍ച്ചയില്‍ രൂപപ്പെട്ട വ്യവസ്ഥകള്‍ വൈദിക സമിതിയില്‍ അവതരിപ്പിച്ചിരുന്നു. ഇനി തിങ്കളാഴ്ച അതിരൂപതയിലെ മുഴുവന്‍ വൈദികരുടെയും യോഗം ചേരും.