തോക്ക് നിയന്ത്രണ നിയമം കര്‍ശനമാക്കണം: യുഎസില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി

വാഷിംഗ്ടണ്‍ ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് എന്ന പേരില്‍ തോക്ക് നിയന്ത്രണ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പടെ 17 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം വെടിവയ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വന്‍പ്രതിഷേധ റാലിയുമായി ആയിരങ്ങള്‍ അണിനിരന്നത്.

റാലിയില്‍ പങ്കെടുക്കുന്നവരെല്ലാം വെടിവയ്പിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ട്രംപ് ഭരണകൂടം തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും റാലിക്കെത്തിയ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് ശക്തമായ രീതിയില്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആവര്‍ത്തിക്കരുത്, ഇനിയൊരിക്കലും…’ എന്ന മുദ്രാവാക്യവുമായാണ് പതിനായിരങ്ങള്‍ തെരുവിലെത്തിയത്. ചെറുപ്പക്കാരും വിദ്യാര്‍ഥികളും അടങ്ങുന്ന വലിയ ഒരു നിര തന്നെയായിരുന്നു റാലിക്കെത്തിയത്. ഫ്‌ളോറിഡ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും തോക്കുനിയമങ്ങള്‍ക്കെതിരെ യുഎസ് പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളും റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു.

‘ഒന്നുകില്‍ ജനങ്ങളെ പ്രതിനിധീകരിക്കുക, അല്ലെങ്കില്‍ ഇറങ്ങിപ്പോകുക. ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക അല്ലെങ്കില്‍ കരുതലോടെയിരിക്കുക, വോട്ടര്‍മാരാണു വരുന്നത്…’ എന്ന മുന്നറിയിപ്പാണ് പ്രതിഷേധ പ്രകടനം ട്രംപ് ഭരണകൂടത്തിനു നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപിനു മറുപടി കൊടുക്കുമെന്നും പ്രകടനത്തിനെത്തിയവര്‍ പറഞ്ഞു.

യുഎസ് കണ്ട ഏറ്റവും വലിയ പ്രതിഷേധ സംഗമങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്. അന്നു കൊല്ലപ്പെട്ട 17 പേരുടെ പേരുകള്‍ വിളിച്ചുപറഞ്ഞ എമ്മ ഗോണ്‍സാലെസ് എന്ന പെണ്‍കുട്ടി അല്‍പ നേരത്തേക്ക് നിശബ്ദത പാലിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആര്‍ക്കും തോക്കു വാങ്ങി ഉപയോഗിക്കാം എന്ന നിലയിലാണ് അമേരിക്കയിലെ അവസ്ഥയെന്നു പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം റാലിക്കെതിരെ വിവിധ സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കോടീശ്വരന്മാരെ പിന്തുണയ്ക്കാനാണ് ഈ റാലി സംഘടിപ്പിച്ചതെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അറിയിച്ചു. യുഎസില്‍ തോക്കുകളുടെ വില്‍പ്പനയ്ക്കും അവകാശത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംഘടനയാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍.

പല മേഖലകളിലുള്ളവരാണ് റാലിക്ക് പിന്തുണ അറിയിച്ച് എത്തുന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ഗായകരും, ടിവി താരങ്ങളും ഉള്‍പ്പടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. നൂറിലധികം താരങ്ങളാണ് രാജ്യത്ത് പല സ്ഥലങ്ങളിലായി നടന്ന റാലിയില്‍ പങ്കെടുത്തത്.

അറ്റ്‌ലാന്റ, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ഷിക്കാഗോ, ലൊസാഞ്ചലസ്, മയാമി, മിനിയപൊലിസ്, ന്യൂയോര്‍ക്ക്, സാന്‍ ഡിയാഗോ എന്നിവിടങ്ങളിലെല്ലാം വന്‍ പങ്കാളിത്തത്തോടെയാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. യുഎസിനും പുറത്തുമായി എണ്ണൂറിലേറെ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് ആഹ്വാനം. മൗറിഷ്യസിലും ലണ്ടനിലും സ്റ്റോക്കോമിലും സിഡ്‌നിയിലും സമാന പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചത്.

Image result for March for Our Lives

ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് ഹൈസ്‌കൂളില്‍ വെടിവയ്പുണ്ടായത്. സംഭവത്തില്‍ 17 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ വെടിവയ്പുണ്ടാകും എന്ന് ഭയന്നാണ് തങ്ങള്‍ ഓരോരുത്തരും കഴിയുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഫെബ്രുവരിയിലെ വെടിവയ്പിനു ശേഷം കഴിഞ്ഞ ദിവസം മേരിലാന്‍ഡിലും വെടിവയ്പുണ്ടായിരുന്നു. രണ്ട് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തള്ളിയും ചില കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു. വെടിവെച്ചാല്‍ തിരിച്ച് വെടിവയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ തോക്ക് നിയന്ത്രിക്കുകയല്ല വേണ്ടതെന്നുമാണ് തോക്ക് നിയന്ത്രണത്തെ എതിര്‍ക്കുന്നവരുടെ വാദം.