ചക്ക ഇന്നു മാത്രമല്ല അന്നും താരമായിരുന്നു

മിനി വിശ്വനാഥൻ

ചക്ക ഇന്നു മാത്രമല്ല അന്നും താരമായിരുന്നു. ഞങ്ങളുടെ തറവാട്ടിൽ പ്രത്യേകിച്ചും…..
തറവാട്ടിലെ മുകളിലും താഴെയുമുള്ള പറമ്പുകളിൽ നിറയെ വിവിധ തരം പ്ലാവുകളായിരുന്നു. അച്ഛമ്മയുടെ ഓരോ പ്ലാവുകൾക്കും പേരുകളുമുണ്ടായിരുന്നു.. “തിണ്ടുമ്മലെ വരിക്ക- ” യായിരുന്നു രാജപദവിയിൽ വിരാജിച്ചിരുന്നത്. അതിന്മേൽ ഓരോ പൂവും ചക്കയാവുന്നത് നോക്കിയിരിക്കും അച്ചമ്മ.. ഓരോ പ്ലാവിലെ ചക്കക്കും ഓരോ ധർമ്മമാണ്. ഇടിച്ചക്ക പറിക്കാൻ പടിഞ്ഞാറേ പിലാവ്, പ്രമേച്ചിയുടെ ആടിന് ഇല വെട്ടാൻ കക്കൻ പ്ലാവ്,..

തേങ്ങ പറിക്കാൻ കരുണേട്ടൻ വന്നാലാണ് അച്ഛമ്മ ചക്കകളും ഉപ്പിലിടാനുള്ളതും അച്ചാറിടാനുള്ളതുമായ മാങ്ങകളും പറപ്പിച്ച് വെക്കുക… ചക്കകൾ സാവധാനം പറിച്ച് താഴെയിറക്കും. നല്ല മൂത്ത രണ്ട് വരിക്കച്ചക്ക വടക്കേഇറയത്തെ ഒരു മൂലക്ക് ഉരുട്ടി മാറ്റിവെക്കും .. പഴുപ്പിക്കാനും പഴുത്താൽ വരട്ടാനും പാകത്തിലുള്ളത്.വീട്ടിലേക്ക് രണ്ടെണ്ണം പുഴുക്കുണ്ടാക്കാൻ.

ജാനു അമ്മക്കും, ദേവു അമ്മക്കും, കരുണേട്ടനും ഓരോ പങ്ക് കൊടുക്കും.പാറു അമ്മയുടെ അശോകൻ ചെക്കന് ഒരു മൂത്ത പഴം ചക്കയും …അശോകൻ ചെക്കന് പഴുത്ത് തിന്നാൻ പഴം ചക്കയാണ് പോലും ഇഷ്ടം….

ചക്ക പറിച്ച ദിവസം മമ്മിയും,അമ്മയും വല്യമ്മയും ജാനു അമ്മയും ചക്ക മുറിക്കാനിരിക്കും. വടക്കെ ഇറയം നിറയെ ഉപ്പിലയുടെ ഇല നിരത്തി വെക്കും. വലിയ മടവാൾ കൊണ്ട് രണ്ടായും, നാലായും, ചെറിയ ചെത്തുകളുമായി മാറും ചക്ക .വലിയ ഒരു വടിയിൽ ചക്ക വിളഞ്ഞി സൂക്ഷിച്ചു വെക്കും.. കഴിഞ്ഞ വർഷങ്ങളിലേക്ക് മുതലുണ്ടാവും അത്… ബക്കറ്റിന്റെയൊക്കെ ഓട്ടയടക്കാൻ അടുത്ത വീട്ടുകാർ വരെ കൊണ്ടു പോവും .. തീയിൽ പഴയ മുളഞ്ഞി ചൂടാക്കി ബക്കറ്റിൽ ചേർത്ത് വെച്ച് ഓട്ടയടക്കുന്നത് മിക്കവാറും കരുണേട്ടനായിക്കും… ഒരു വർഷത്തേക്ക് ഗ്യാരണ്ടിയും കൊടുക്കും ..

ജാനു അമ്മ മെഴുകി സൂക്ഷിച്ച മുറത്തിലേക്ക് ചക്കച്ചുളകൾ ഇരിഞ്ഞിടും. മമ്മിയും ,അമ്മയും ,വല്യമ്മയും കൈയിൽ വെളിച്ചെണ്ണ പുരട്ടി (മുളഞ്ഞി കൈയിൽ പിടിക്കാതിരിക്കാതിരിക്കാൻ ) ചക്കച്ചുളകൾ കീറിയിട്ടും കുരു നന്നാക്കിയും സഹായിക്കും. ഞങ്ങൾ കുട്ടിപ്പട്ടാളങ്ങൾക്കും തരും ഇത്തിരി കുരു നന്നാക്കാൻ … ചക്ക മുഴുവൻ പാത്രത്തിലായാൽ ജാനു അമ്മ ചവിണിയും മടലും ഇത്തിരി നുറുക്കി പശുവിന്റെ വെള്ളത്തിലിടും.. അച്ഛമ്മ മേൽനോട്ടവുമായി പരിസരത്തുണ്ടാവും. വലിയ ഒരു കൈ കറിവേപ്പിലയും പൊട്ടിച്ച് വെക്കും ജാനു അമ്മ ..

അമ്മയും വല്യമ്മയും മത്സരിച്ച് തേങ്ങ ചിരവുകയും ഉള്ളി നന്നാക്കുകയും ചെയ്യും. മമ്മി ചെറിയ ഓട്ടുരുളിയിൽ പാകത്തിന് മഞ്ഞളും മുള്കും ഉപ്പും ഇട്ട് ചക്ക വേവിക്കും.ചെറിയ ചെറിയ വിറകുകളും തേങ്ങ മടലും വശങ്ങളിൽ കുത്തിക്കയറ്റി മമ്മി തീയൂതി പിടിപ്പിക്കുന്നത് കാണാൻ ഞങ്ങൾക്ക് നല്ല ഇഷ്ടമായിരുന്നു.

അമ്മ പാകത്തിന് തേങ്ങയും ജീരകവും ,കറിവേപ്പിലയുംഉള്ളിയുമൊക്കെ ചതച്ച് മമ്മിയെ ഏല്പിക്കും. മമ്മിയാണ് അടുപ്പിന്റെ വശത്തിരുന്ന് ഒക്കെ ചേർത്തിളക്കി പാചകം – അമ്മ ചുട്ട മുളക് ചേർത്ത് വലിയ ഉരുള ചമ്മന്തിയരച്ച് വെക്കും ചെറിയ ഉള്ളിയും പുളിയും കറിവേപ്പിലയും ചതച്ച് ചേർത്ത തേങ്ങാച്ചമ്മന്തി. അമ്മി നീട്ടി വടിച്ച് കഴുകി ഒരു പഴം തുണികൊണ്ട് തുടച്ച് മിനുക്കി വെക്കും ജാനു അമ്മ. സന്ധ്യ കഴിഞ്ഞാൽ പിന്നെ അമ്മീമ്മൽ അരവില്ല.

ഞങ്ങളുടെ കാലും മുഖവും കഴുകൽ കഴിഞ്ഞ് സന്ധ്യാജപത്തിന്റെ സമയത്താണ് വല്യമ്മയുടെ കടുക് താളിക്കൽ. നിറയെ വറ്റൽമുളകും കറിവേപ്പിലയുമൊക്കെ ചേർന്ന എരിയുന്ന ഒരു കാറ്റ് ഞങ്ങൾക്ക് ചുറ്റും പരക്കും.

അച്ചമ്മ മണ്ണെണ്ണ വിളക്കുകൾ തുടച്ച് വൃത്തിയാക്കി തിരി ഒപ്പത്തിന് മുറിച്ച് ശരിയാക്കി ഓരോ ന്നായി തിരി താഴ്തി കത്തിച്ച് വെക്കും. ഇരുട്ട് കൂടുന്നതിനനുസരിച്ച് തിരി ഉയർത്തും. രണ്ടു വിളക്ക് അടുക്കളയിൽ .. രണ്ടെണ്ണം ഇറയത്തും. അതാണ് കണക്ക്….

എല്ലാം കഴിഞ്ഞാൽ അച്ചമ്മ ഒന്ന് മേൽ കഴുകി വരും. വലിയ ഭസ്മപാത്രത്തിൽ നിന്ന് ഭസ്മം നുള്ളിയെടുത്ത് നെറ്റിയിൽ വലുതായി വരക്കും. ഞങ്ങൾ കുട്ടികൾക്കും .. കണ്ണിലും മൂക്കിലും ഭസ്മ ഗന്ധം നിറഞ്ഞ് നിൽക്കും ..

ഏഴ് മണിയാവുമ്പോഴേക്കും ചക്കപ്പുഴുക്കും കഞ്ഞിയും തേങ്ങാ ച മ്മന്തിയും വയറ്റിലാക്കും ഞങ്ങൾ കുട്ടികൾ.,… ജാനുന്റെയും ദേവൂ ന്റെയും ഓരി ഉറിയിൽ വെക്കണമെന്ന് നിർദേശിക്കാനും അച്ഛമ്മ തിരക്കിനിടയിൽ മറക്കില്ല .

ഇവിടെ സൂപ്പർ മാർക്കറ്റിൽ ചക്ക ചെത്തുകൾ കാണുമ്പോൾ വാങ്ങാൻ തോന്നാറില്ല..

എനിക്കെന്നും ചക്കപ്പുഴുക്കിന്റെ രുചി ഗന്ധത്തോടൊപ്പം അച്ഛമ്മയുടെ ഭസ്മ ഗന്ധവും മുനിഞ്ഞ് കത്തുന്ന മുട്ട വിളക്കിന്റെ വെളിച്ചവും ഉണ്ടായിരുന്നു. എന്റെ ഗൃഹാതുരണ സ്മരണകളിൽ …. ഗന്ധങ്ങളിൽ

ചക്ക ഓർമകൾ എനിക്ക് രുചി ഓർമ്മകൾ മാത്രമല്ല ….