ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്ന പത്തംഗ സംഘം അറസ്റ്റില്‍

ലക്‌നൗ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പത്തംഗ സംഘത്തെ ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്തു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഗോരഖ്പുര്‍, ലക്നൗ, പ്രതാപ്ഘട്ട്, മധ്യപ്രദേശിലെ റിവാന്‍ എന്നിവിടങ്ങളില്‍നിന്നാണ് പത്തംഗ സംഘം അറസ്റ്റിലായത്. പാകിസ്താനില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പ്രവര്‍ത്തിച്ചുവന്നതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐ.ജി അസിം അരുണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വ്യാജ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനും അക്കൗണ്ടുകളിലേക്ക് തുക മാറ്റാനും ലഷ്‌കര്‍ ഭീകരരാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഓരോ ഇടപാടിനും പത്ത് മുതല്‍ 20 ശതമാനം വരെ കമ്മീഷന്‍ ഇവര്‍ക്ക് ലഭിക്കും. നേപ്പാളില്‍നിന്നും പാകിസ്താനില്‍നിന്നും ഖത്തറില്‍നിന്നും എത്തിയ തുകയാണ് ഇവര്‍ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. പത്ത് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ സംഘം നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഐ.ജി പറഞ്ഞു. അറസ്റ്റിലായവരില്‍ എല്ലാവര്‍ക്കും തീവ്രവാദ ബന്ധത്തെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലോട്ടറി തട്ടിപ്പാണ് നടത്തുന്നതെന്നാണ് പലരോടും പറഞ്ഞിരുന്നത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എ.ടി.എം കാര്‍ഡുകള്‍, 24 ലക്ഷം രൂപ, മാഗ്‌നറ്റിക് കാര്‍ഡ് റീഡറുകള്‍, ലാപ് ടോപ്പുകള്‍, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.