ഡോക്ടര്‍മാര്‍ നിശ്ചിതകാലം രാജ്യത്തുതന്നെ ജോലിചെയ്യണമെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും രാജ്യത്തുതന്നെ ജോലിചെയ്യേണ്ട കുറഞ്ഞ കാലയളവ് നിശ്ചയിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതി ദായകരുടെ പണം ഉപയോഗിച്ച് പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്.

നിശ്ചിത കാലയളവില്‍ നിര്‍ബന്ധമായും രാജ്യത്ത് ജോലിചെയ്തശേഷം ഡോക്ടര്‍മാരെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധിതമാക്കണം. ഇതുവഴി ഒറ്റപ്പെട്ട ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാനാവും. നിര്‍ബന്ധിത സേവനത്തിന് അയയ്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ സൗകര്യങ്ങളും സുരക്ഷിതത്വവും മാന്യമായ ശമ്പളവും ഉറപ്പാക്കണം.

പാരാമെഡിക്കല്‍ കോഴ്സുകളായ ഫിസിയോതെറാപ്പി അടക്കമുള്ളവയുടെ നിലവാരം ഉറപ്പാക്കാന്‍ നിലവില്‍ രാജ്യത്ത് സംവിധാനങ്ങള്‍ ഒന്നുമില്ല. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാവണമെന്നും പാര്‍ലമെന്ററി സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, നഴ്സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സമിതികള്‍ പുനഃസംഘടിപ്പിക്കണമെന്നും ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.