കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ആപ്പില്‍ നിന്ന് പണി കിട്ടി. കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ
ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി ചോര്‍ത്തുന്നതായാണ് ആരോപണം.  ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയറ്റ് ആന്‍ഡേഴ്‌സനാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്ന് പാര്‍ട്ടി തങ്ങളുടെ ആപ്പ് നീക്കം ചെയ്തു.

ആപ്പുകള്‍ വഴി ഉപയോക്താക്കളുടെ വിവരം ചോരുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കൊഴുക്കവെയാണ് കോണ്‍ഗ്രസിനും പണികിട്ടിയത്.

നേരെത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനു നേരെയും ആരോപണങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രിക്കതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. മോദിക്കതിരെയും ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്സണാണ് ആരോപണമുന്നയിച്ചത്.

നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന വ്യക്തിയുടെ വ്യക്തി വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com. എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്സന്റെ വെളിപ്പെടുത്തല്‍. ചോര്‍ത്തപ്പെട്ട ഡിവൈസ് വിവരങ്ങളില്‍ ഒപ്പറേറ്റിങ് സോഫ്റ്റ്വെയര്‍, നെറ്റ്വര്‍ക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളില്‍ ഇ – മെയില്‍ അഡ്രസ്, ഫോട്ടോ, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആന്‍ഡേഴ്സണ്‍ വെളിപ്പെടുത്തിയിരുന്നു