രോഗിയെ തലകീഴായി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വീഴ്ച സംഭവിച്ചതായി തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കിയപ്പോള്‍ ജാഗ്രത കാണിച്ചില്ലന്നും ഡ്രൈവറുടേത് മനപൂര്‍വ്വമല്ലാത്ത അശ്രദ്ധയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആംബുലന്‍സില്‍ ഒപ്പം വന്ന അറ്റന്‍ഡര്‍ വീല്‍ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീല്‍ ചെയര്‍ നല്‍കിയതെന്നും സുപ്രണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരിലാണ് ആംബുലന്‍സ് ഡ്രൈവര്‍ രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയത്. പരിക്കേറ്റു തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴായിരുന്നു സംഭവം. രോഗി ശനിയാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു.