കടുത്ത ചൂട് ഏപ്രിലിലും തുടരുമെന്ന് കൊച്ചി സര്‍വകലാശാല

കൊച്ചി: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിന് കാരണം ഇക്വിനോസ് എന്ന പ്രതിഭാസമാണെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ കേന്ദ്രം. സൂര്യന്‍ ഭൂമധ്യ രേഖയുടെ നേര്‍ക്കു മുകളിലായി വരുമ്പോഴാണ് ഇത്തരമൊരു പ്രതിഭാസം ഉണ്ടാകുന്നത്. പൊതുവെ മാര്‍ച്ച് മാസത്തിലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. അതേസമയം, കുറച്ചുദിവസങ്ങളായി അനുഭവപ്പെടുന്ന കടുത്ത ചൂട് ഏപ്രിലിലും തുടരുമെന്നാണ് കൊച്ചി സര്‍വകലാശാല റഡാര്‍ കേന്ദ്രം അറിയിച്ചത്.

ദക്ഷിണാര്‍ദ്ധ ഗോളത്തില്‍നിന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്കുള്ള സൂര്യന്റെ യാത്ര(ഭൂമിയുടെ കാര്യമെടുക്കുമ്പോഴുള്ള സൂര്യന്റെ പ്രയാണം)യിലാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതാണ് ഉത്തരഭാഗത്ത് ഇപ്പോള്‍ കടുത്തചൂടിന് ഇടയാക്കിയത്. മാര്‍ച്ച് 21, 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴും ചൂട് നിലനില്‍ക്കാന്‍ കാരണം. ഇത് മധ്യകേരളത്തെ താണ്ടി പോകാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടിവരമെന്നാണ് കുസാറ്റ് റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞത്.

സെപ്റ്റംബര്‍ 22, 23 തീയതികളിലും സൂര്യന്‍ ഭൂമധ്യരേഖയ്ക്കുനേരെ എത്തുന്നുണ്ട്. അപ്പോഴും ഇതുപോലെ ചൂടുകൂടമെന്നും പക്ഷേ, സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ ലഭിക്കുന്ന മഴ ചൂടിനെ അകറ്റിനിര്‍ത്തുമെന്നും ഡോ. മനോജ് പറഞ്ഞു.

അത്സമയം ഈ കാലഘട്ടത്തില്‍ അസുഖങ്ങള്‍ പടരാനും സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ചൂട് കൂടിയതിനാല്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുകയും അതിനെ തുടര്‍ന്ന് പലവിധ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങള്‍ ഈ സമയങ്ങളില്‍ ബാധിച്ചേക്കുമെന്നും, അദ്ദേഹം സൂചിപ്പിച്ചു. ഇതിനുപുറമേ അള്‍ട്രാ വയലറ്റ് ബി രശ്മികളുടെ കാഠിന്യവും ഈ സമയങ്ങളില്‍ കൂടുതലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.