‘കണികാ പരീക്ഷണ പദ്ധതി’ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: തേനി കണികാ പരീക്ഷണ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി. പരിസ്ഥിതി മന്ത്രാലയമാണു പശ്ചിമഘട്ട മേഖലയിലെ പരീക്ഷണത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പരീക്ഷണത്തിന് അനുമതി നല്‍കാന്‍ ഈ മാസം അഞ്ചിനു ചേര്‍ന്ന വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതു മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

2010-ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാ പരീക്ഷണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ വനമേഖലയിലെ പദ്ധതിക്ക് അനുമതി ലഭ്യമാക്കിയ നടപടി ക്രമങ്ങളില്‍ പാളിച്ചകളുണ്ടെന്ന് കണ്ടെത്തിയ ദേശീയ ഹരിത ട്രൈബ്യുണല്‍ 2017-മാര്‍ച്ചില്‍ അനുമതി മരവിപ്പിച്ചിരുന്നു.

കണികാ പരീക്ഷണത്തിനെതിരെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചാണ് കണികാ പരീക്ഷണ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണു തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ തേനിയിലെ പൊട്ടിപ്പുറത്ത് വനമേഖലയിലാണ് പദ്ധതി പ്രദേശം. അന്‍പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് വിട്ടുനല്‍കിയിരുന്നു. 1500 കോടി രൂപയുടെ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതി കേന്ദ്ര ആണവവകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

കേരളത്തിന്റെ അതിര്‍ത്തിക്കടുത്താണ് നിര്‍ദ്ദിഷ്ട പദ്ധതി തുടങ്ങുന്നത്. പരിസ്ഥിതി ലോല മേഖലയായ കേരളത്തിലെ മതികെട്ടാന്‍ ചോലയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ മാത്രമകലെയാണ് പരീക്ഷണശാല സ്ഥാപിക്കപ്പെടുന്നത്. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.